തിങ്കളാഴ്‌ച, ജനുവരി 01, 2018
തിരുവനന്തപുരം : പുതുവർഷത്തിൽ കാൻസർ രോഗികൾക്ക് ഇരുട്ടടിയായി ആർ.സി.സിയിലെ സുകൃതം പദ്ധതിയിൽ പുതിയ രോഗികളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. നിലവിൽ പദ്ധതിയിൽ ഉള്ളവർക്ക് ആനുകൂല്യം തുടർന്നും ലഭിക്കും. സുകൃതം പദ്ധതിക്ക് സർക്കാർ നൽകുന്ന പണം കുടിശിക ആയതിനാലാണ് തീരുമാനമെന്ന് ഈ മാസം 21ന് ആർ.സി.സി അഡിഷണൽ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പറയുന്നു.

കാരുണ്യ, സുകൃതം പദ്ധതികളിൽ ഉള്ളവർക്ക് ആർ.സി.സിയിൽ കിട്ടാത്ത ചില മരുന്നുകൾ എസ്.എ.ടി ഫാർമസിയിലും കാരുണ്യ സെന്ററുകളിലും കുറഞ്ഞ വിലയ്‌ക്ക് നൽകുന്ന ക്രെഡിറ്റ് സംവിധാനം അവസാനിപ്പിക്കാനും നിർദ്ദേശമുണ്ട്.
ആർ.സി.സിയിലെത്തുന്ന 60 ശതമാനത്തിലേറെ പേരും സുകൃതത്തെ ആശ്രയിക്കുന്നവരാണ്. സാമ്പത്തിക പ്രതിസന്ധികാരണം പദ്ധതിക്കായി ആർ.സി.സിക്ക് ലക്ഷങ്ങൾ നൽകാനുണ്ടെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു.

സുകൃതം പദ്ധതി

2014 ഒക്ടോബർ 10നാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയത് .
ആർ.സി.സി, ഗവ.മെഡിക്കൽ കോളേജുകൾ,മലബാർ കാൻസർ സെന്റർ,എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സാ സൗകര്യം.

മമ്മൂട്ടിയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ

ബി.പി.എൽ ലിസ്റ്റിൽപ്പെട്ടവർക്കും ചിസ് കാർഡുള്ളവർക്കും മൂന്ന് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം.
കൂടുതൽ തുക വേണ്ടിവന്നാൽ പ്രത്യേക പാനൽ ചേർന്ന് അനുമതി
നിലവിൽ ആർ.സി.സിയിലെത്തുന്ന 60% പേരും പദ്ധതിയെ ആശ്രയിക്കുന്നു
ബ്രെസ്റ്റ് കാൻസർ പോലെ മാരക രോഗം ബാധിച്ച പാവപ്പെട്ടവർക്ക് ചെലവേറിയ ടാർഗറ്റ് ചികിത്സയ്ക്കുള്ള ആശ്രയം.


സഹായം പകുതിയിൽ താഴെയാകും

പാവപ്പെട്ട രോഗികൾക്ക് ആർ.സി.സിയിൽ മൂന്ന് പദ്ധതികളിലൂടെ 5.7 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്. ആരോഗ്യ ഇൻഷ്വറൻസ് ചിസ് പ്ലസ് കാർഡിലൂടെ എഴുപതിനായിരം രൂപ, കാരുണ്യ പദ്ധതിയിലൂടെ രണ്ട് ലക്ഷം, സുകൃതത്തിലൂടെ മൂന്ന് ലക്ഷം.

സുകൃതം ഇല്ലാതാകുന്നതോടെ ഈ തുക 2.7 ലക്ഷമായി ചുരുങ്ങും.

പദ്ധതി നിറുത്തില്ല. ആർ.സി.സിയിലെ രോഗികൾക്ക് ആദ്യം ആരോഗ്യ ഇൻഷ്വറൻസ് ചിസ് പ്ലസ്, കാരുണ്യ എന്നീ സഹായങ്ങൾ ലഭ്യമാക്കും. മൂന്നാം ഘട്ടത്തിൽ ആവശ്യമെങ്കിൽ മാത്രം സുകൃതം ഉപയോഗിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചിരിക്കയാണ്. സുകൃതം ഫണ്ട് സർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. അതിനാലാണ് ഈ നിർദ്ദേശം.

- ഡോ. പോൾ സെബാസ്റ്റ്യൻ
ആർ.സി.സി ഡയറക്ടർ

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ