തിങ്കളാഴ്‌ച, ജനുവരി 01, 2018
മുളങ്കുന്നത്തുകാവ് (തൃശ്ശൂര്‍): മാളില്‍ സിനിമകാണാനെത്തിയവര്‍ക്കുനേരെ യുവാവ് തോക്കുചൂണ്ടി. പതിനഞ്ചു മിനിറ്റോളം ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ പോലീസ് എത്തി പരിശോധിച്ചപ്പോള്‍ യുവാവിന്റെ കൈയിലുള്ളത് കളിത്തോക്കാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ പോലീസ് അറസ്റ്റുചെയ്തു.

വടക്കാഞ്ചേരി ഓട്ടുപാറ സ്വദേശി സുഭാഷാ (23)ണ് ആളുകള്‍ക്കുനേരെ തോക്കുചൂണ്ടിയത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ പുഴയ്ക്കല്‍ ശോഭാ സിറ്റിയിലായിരുന്നു സംഭവം. പുതുവര്‍ഷ ആഘോഷം നടക്കുന്ന മാളില്‍ ഞായറാഴ്ച സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. മാളില്‍ സിനിമകാണാനാണ് കൂട്ടുകാരോടൊത്ത് സുഭാഷ് എത്തിയത്. പൈട്ടന്ന് പോക്കറ്റിലിരുന്ന തോക്കെടുത്ത് മറ്റുള്ളവര്‍ക്കുനേരെ ചൂണ്ടുകയായിരുന്നു. ആളുകള്‍ ഭയന്ന് ഓടി.

സംഭവമറിഞ്ഞ് എത്തിയ സുരക്ഷാജീവനക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് കാറില്‍ പൂട്ടിയിട്ടശേഷം വിയ്യൂര്‍ പോലീസിനെ വിവരമറിയിച്ചു. കേരളവര്‍മ കോളേജിലെ വിദ്യാര്‍ഥിയാണെന്നും വിദ്യാര്‍ഥി സംഘര്‍ഷമുള്ളതിനാല്‍ സ്വയരക്ഷയ്ക്കാണ് തോക്ക് കൊണ്ടുനടക്കുന്നതെന്നുമാണ് യുവാവ് ആദ്യം പറഞ്ഞത്. എന്നാല്‍, ഇയാള്‍ കോളേജ് വിദ്യാര്‍ഥിയല്ലെന്ന് പോലീസ് പറഞ്ഞു.

വിയ്യൂര്‍ എസ്.ഐ. സിദ്ദിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിശോധയില്‍ ഇയാളുടെ കൈയിലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് ബോധ്യമായി. കരുതല്‍ തടങ്കലായി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഇയാള്‍ക്ക് ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടെന്നും ഇത് ഇഷ്ടപ്പെടാത്ത പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ പിന്‍തുടരുന്നുണ്ടെന്ന ഭയത്തില്‍ കളിത്തോക്ക് വാങ്ങി സൂക്ഷിക്കുയായിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ