ചൊവ്വാഴ്ച, ജനുവരി 02, 2018
കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രനിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനായ കമീഷന്റെ ശിപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍നിന്ന് എട്ടാക്കാനും ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന കമീഷന്‍ ശിപാര്‍ശ സര്‍ക്കാറിന്റെ പരിഗണനയിലുള്ളതിനാല്‍ ഇതേക്കുറിച്ച് വീണ്ടും പറയുന്നില്ലെന്ന പരാമര്‍ശമാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. മിനിമം നിരക്ക് പത്ത് രൂപയായും വിദ്യാര്‍ഥികളുടേത് നിലവിലെ 14 ശതമാനത്തിന് പകരം 50 ശതമാനമായും ഉയര്‍ത്തണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം.
നിരക്ക് വര്‍ധന കെ.എസ്.ആര്‍.ടി.സിക്കും ബാധകമാണ്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍/ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, വേള്‍വോ തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിലവിലെ നിരക്കില്‍ പത്ത് ശതമാനം വര്‍ധനയാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. പ്രവര്‍ത്തനച്ചെലവ്, സ്‌പെയര്‍ പാര്‍ട്‌സ് വില, നികുതി -ഇന്‍ഷുറന്‍സ് -ശമ്ബള വര്‍ധന എന്നിവ പരിഗണിച്ചാണ് നിരക്ക് ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തതെന്ന് കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്നുവര്‍ഷത്തിനിടെ ഒരു കിലോമീറ്റര്‍ ബസ് സര്‍വിസിനുള്ള ചെലവ് 12 രൂപയോളം കൂടിയെന്ന് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു.
റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ വൈകാതെ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. സ്‌പെയര്‍ പാര്‍ട്‌സ് വില 40 ശതമാനവും ജീവനക്കാരുടെ ശമ്ബളം 90 ശതമാനവും ഇന്‍ഷുറന്‍സ് 68 ശതമാനവും വര്‍ധിച്ചെന്നും നിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്നും കാണിച്ച് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ കമീഷന് നിവേദനം നല്‍കിയിരുന്നു. ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ ആഗസ്റ്റിലാണ് കമീഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നവംബര്‍ 30ന് ബസുടമകളില്‍നിന്ന് തെളിവെടുത്തിരുന്നു. 2014ലാണ് അവസാനമായി ചാര്‍ജ് കൂട്ടിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ