തിരുവനന്തപുരം: ഉത്തരവുകളും നിര്‍ദേശങ്ങളും അനുസരിക്കാത്ത ജീവനക്കാരെ നിലയ്ക്കുനിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. ജോലിയില്‍ അലംഭാവം കാട്ടുന്നവര്‍ക്കെതിരേ മുന്നറിയിപ്പില്ലാതെ അച്ചടക്കനടപടിയെടുത്തു മൂക്കുകയറിടാന്‍ തീരുമാനം. പല സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും ഉദ്യോഗസ്ഥര്‍ ഗൗരവമായെടുക്കുന്നില്ലെന്നു കണ്ടെത്തിയാണു നീക്കം. ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി വകുപ്പുമേധാവികള്‍ക്ക് ഒക്‌ടോബറില്‍ പൊതുഭരണ വകുപ്പ് കത്തു നല്‍കിയിരുന്നു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കു സമയപരിധിക്കുള്ളില്‍ മറുപടി നല്‍കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നാണു കത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് കര്‍ശന നിലപാടു വ്യക്തമാക്കി ഓരോ വകുപ്പിലും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ അര്‍ഹമായ പ്രാധാന്യം നല്‍കണം. ഇവ നടപ്പാക്കാനുള്ള സമയപരിധി പാലിക്കണം. വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ മുന്നറിയിപ്പില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണു സര്‍ക്കുലര്‍.
സര്‍ക്കാരിന്റെ നയ, തീരുമാനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത് ഉദ്യോഗസ്ഥരിലൂടെയാണെന്നും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നെന്നുമാണു സര്‍ക്കാര്‍ വിലയിരുത്തല്‍. അധികാരമേറ്റയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒന്നരവര്‍ഷം പിന്നിടുമ്പോഴും പല ഉദ്യോഗസ്ഥരുടെയും നിലപാടുകളില്‍ മാറ്റമില്ല.
കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കേണ്ടതു ജീവനക്കാരന്റെ ഉത്തരവാദിത്വമാണ്. ഉത്തരവുകളോടു നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല. ഉദ്യോഗസ്ഥനിലപാടുമൂലം സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രയോജനം യഥാസമയം ജനങ്ങള്‍ക്കു ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഉദ്യോഗസ്ഥരെ തിരുത്തി ഇതിനു പരിഹാരം കാണാനാണു സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ