ബുധനാഴ്‌ച, ജനുവരി 03, 2018
തിരുവനന്തപുരം: കേരളീയ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനും അനുഷ്‌ഠാന-പരമ്പരാഗത-നാടന്‍ കലാരൂപങ്ങളെ പുതു തലമുറയ്‌ക്കു പരിചയപ്പെടുത്തുന്നതിനും ടൂറിസം വകുപ്പ്‌ ആറു മുതല്‍ 12 വരെ ഉത്സവം പരിപാടി സംഘടിപ്പിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ 14 ജില്ലകളിലും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ മുഖേനയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. 28 വേദികളില്‍ പരിപാടി അവതരിപ്പിക്കും.
ഉത്സവത്തന്റെ ഉദ്‌ഘാടനം ആറിനു വൈകിട്ട്‌ ആറിനു കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പൈതൃക കലകള്‍ അവതരിപ്പിക്കുന്ന 10 കലാകാരന്മാരെ ഉദ്‌ഘാടനച്ചടങ്ങില്‍ ആദരിക്കും.
പി.പി.കുഞ്ഞുരാമന്‍ പെരുവണ്ണാന്‍ (തെയ്യം) പി.കെ. കരിയന്‍ (ഗദ്ദിക), കെ. നാണു (പൂരക്കളി), കെ. ശിവകുമാര്‍ (കോല്‍കളി), ശശി ജനകല (മുളവാദ്യം), ഷീബാ കൃഷ്‌ണകുമാര്‍ (അഷ്‌ടപദി), ബ്രിട്ടോ വിന്‍സന്റ്‌ (ചവിട്ടുനാടകം), പ്രബലകുമാരി (കാക്കാരിശി നാടകം), ലതാ നമ്പൂതിരി (തിരുവാതിരകളി), തങ്കസ്വാമി (പാക്കനാര്‍ ആട്ടം) എന്നിവരെയാണ്‌ ആദരിക്കുന്നത്‌.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ