മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് തങ്ങള്‍മാര്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇന്നു വൈകീട്ടു പാണക്കാട്ട് നടന്ന യോഗത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പാണക്കാട് റശീദലി ശിഹാബ് തങ്ങളും ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്. സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരാണെന്നും അതിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമാണെന്നും മുന്‍ഗാമികള്‍ വന്ന വഴിയില്‍ നിന്ന് ഞങ്ങള്‍ക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും രണ്ടു പേരും അന്വേഷണ സമിതിക്കു മുന്നാകെ വ്യക്തമാകിയതായി സമസ്ത പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. പാണക്കാട് നടന്ന യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, ബഹാഉദ്ദീന്‍ നദ്വി കൂരിയാട്, പി.കെ കുഞ്ഞാലിക്കുട്ടി, ജബ്ബാര്‍ഹാജി എന്നിവരാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാട്ട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പാണക്കാട് റശീദലി ശിഹാബ് തങ്ങളും പങ്കെടുത്തതാണ് സമസ്തയും മുസ്്ലിംലീഗും തമ്മിലുള്ള സൗഹൃദ ബന്ധം തകരാന്‍ കാരണമായിരുന്നു. സുന്നി ചിന്താധാര പിന്തുടരുന്ന പാണക്കാട് തങ്ങള്‍മാര്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ചു രണ്ടു തങ്ങള്‍മാരും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ മലപ്പുറം ചേളാരി സമസ്ത ആസ്ഥാനത്ത് നടന്ന അടിയന്തിര യോഗത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളോടും പാണക്കാട് റശീദലി ശിഹാബ് തങ്ങളോടും വിശദീകരണം തേടാന്‍ അഞ്ചംഗ സമതിയെ ചുമതലപ്പെടത്തിയിരുന്നു. ഇവരുടെ ആദ്യ യോഗത്തിലാണ് രണ്ടു പേരും ഖേദം പ്രകടിപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സമസ്ത അണികളും ലീഗ് അണികളും തമ്മിലുള്ള വാഗ്വാദം ശക്തമായിരുന്നു. മുസ്്ലിംലീഗും സമസ്തയും തമ്മിലുള്ള പോര് തെരുവിലേക്കുവരെ എത്തിയിരുന്നു. ആരിക്കോട് ടൗണ്‍ യൂത്ത്ലീഗ് കമ്മിറ്റി സമസ്തയുമായി ഉടക്കി നില്‍ക്കുന്ന ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ ഫിറോസ്്, മുജാഹിദ് യോഗത്തില്‍ പങ്കെടുത്ത പാണക്കാട് റശീദലി തങ്ങള്‍ക്കും മുനവ്വറലി തങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു ഫല്‍ക്സ് വെച്ചിരുന്നു.
രണ്ടു തങ്ങള്‍മാര്‍ക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനായിരുന്നു സമസ്തയുടെ തീരുമാനം. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വീട്ടില്‍ എത്തി ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് പറഞ്ഞിരുന്നു. പാണക്കാട് ചേര്‍ന്ന യോഗത്തിലും പി.കെ കുഞ്ഞാലിക്കുട്ടി സംബന്ധിച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ