വ്യാഴാഴ്‌ച, ജനുവരി 04, 2018
കാസര്‍കോട്: കരിമ്പിന്‍ ജ്യൂസുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍   ലഭിച്ചതുമായി ബന്ധപ്പെട്ട്  കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കരിമ്പിന്‍ ജ്യൂസ് സ്റ്റാളുകളില്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍മാര്‍ പരിശോധന നടത്തി.   ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍  ബെന്നി ജോസഫ്, ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരായ അനീഷ് ഫ്രാന്‍സിസ്, നിത്യചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ്  പരിശോധന നടത്തിയത്. അനാരോഗ്യകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകള്‍ ഉടനടി അടച്ചു പൂട്ടിക്കുകയും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമമനുസരിച്ചുളള രജിസ്‌ട്രേഷന്‍ എടുക്കുവാനും കരിമ്പിന്‍ ജ്യൂസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന കാലപഴക്കം വന്നതും ഉപയോഗശൂന്യമായതുമായ  നിര്‍മ്മാണയന്ത്രങ്ങളുടെ ഉടമകള്‍ അത് എത്രയുംവേഗം  മാറ്റി സ്ഥാപിക്കണമെന്നും ന്യൂനതകള്‍ പരിഹരിച്ച ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍  മതിയെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുകയും   ചെയ്തു. ജ്യൂസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഐസ് ഭക്ഷ്യയോഗ്യമാണെന്ന്  ഉറപ്പു വരുത്തേണ്ടതും ഐസ് പ്ലാന്റിനു ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമമനുസരിച്ചുളള ലൈസന്‍സ് ഉണ്ടെന്നും ഉറപ്പുവരുത്തേണ്ടതുമാണ്.  വിദ്യാനഗര്‍ ഐസ് പ്ലാന്റ്  പരിശോധന നടത്തുകയും ഐസ് സര്‍വ്വലൈന്‍സ് സാമ്പിള്‍  പരിശോധനയക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.  ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളില്‍ നിന്നും വ്യതിചലിക്കുന്നവര്‍ക്കെതിരെ തുടര്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും  പരിശോധന വരുംദിവസങ്ങളില്‍ തുടരുന്നതാണെന്നും ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ സംബന്ധിച്ചുളള എല്ലാ പരാതികളും 1800-425-1125 എ ടോള്‍ഫ്രീ നമ്പറിലും 8943346194, 04994 256257എ നമ്പരിലും വിളിച്ചറിയിക്കണം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ