ശനിയാഴ്‌ച, ഫെബ്രുവരി 24, 2018
കൊല്ലം: പത്തനാപുരത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ വ്യവസായ സംരംഭം തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കും. ആത്മഹത്യ ചെയ്ത സുഗതന്റെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. സുഗതന്‍ വര്‍ക്‌ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ പ്രവര്‍ത്തകര്‍ കൊടിനാട്ടിയതിനെ തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയത്.
പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സമരം നടത്തിയ സി.പി.ഐക്കാര്‍ പണം ചോദിച്ചിരുന്നതായി സുഗതന്റെ മകന്‍ സുനില്‍ വെളിപ്പെടുത്തി. ചെറിയ തുക ആയിരുന്നുവെങ്കില്‍ പണം നല്‍കാന്‍ തയ്യാറാകുമായിരുന്നു. വര്‍ക്‌ഷോപ്പ് നിര്‍മ്മണത്തിനായി മാത്രം നാല് ലക്ഷം രൂപ ചെലവായി. അതിന് പിന്നാലെയാണ് സി.പി.ഐ നേതൃത്വം പണം ചോദിച്ചത്. തന്റെ പിതാവിന്റെ മരണത്തിന് കാരണം സി.പി.ഐ ആണെന്നും സുനില്‍ കുറ്റപ്പെടുത്തി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുഗതന്‍ പത്തനാപുരത്ത് വര്‍ക്‌ഷോപ്പ് തുടങ്ങിയ സ്ഥലം നിയമം ലംഘിച്ച് നികത്തിയെന്ന് ആരോപിച്ചായിരുന്നു സി.പി.ഐയുടെ സമരം. ഇതില്‍ മനംനൊന്ത് സുഗതന്‍ ജീവനൊടുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച സുഗതന്റെ മൃതദേഹം സംസ്‌കരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ