വെള്ളിയാഴ്‌ച, ഫെബ്രുവരി 16, 2018
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശുഹൈബ് വധത്തിനു തൊട്ടുമുമ്പ് ടിപി കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെ 19 കൊലപ്പുള്ളികള്‍ക്ക് പരോള്‍ നല്‍കിയെന്ന് ചെന്നിത്തല ആരോപണം ഉയര്‍ത്തി.

ശുഹൈബിന്റെ കൊലപാതകത്തിന് മുന്‍പായി വിവിധ രാഷ്ര്ടീയ കൊലപാതക കേസുകളിലെ 19 പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കിയത് സംശയാസ്പദമാണെന്ന് പറഞ്ഞ ചെന്നിത്തല ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയും പരോള്‍ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതിന്റെ രേഖകളും ചെന്നിത്തല പുറത്തുവിട്ടിട്ടുണ്ട്.

ടിപി കൊലപാതകവുമായി ശുശെഹബിന്റെ കൊലയ്ക്കും സാമ്യമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. കണ്ണൂരിലെ സിപിഎം കൊലയാളി സംഘങ്ങള്‍ നടത്തിവരുന്ന കൊലപാതകങ്ങളുടെ സ്വഭാവമാണ് ശുഹൈബിന്റെ കൊലയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ അനുശോചനം പോലും രേഖപ്പെടുത്താതെ മുഖ്യമന്ത്രി പാലിക്കുന്ന മൗനം കൊലയാളികള്‍ക്കുള്ള പ്രോത്സാഹനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കേസിലെ പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ കള്ളക്കളിയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം ഡമ്മി പ്രതികളെ നല്‍കുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ല എന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ മാസം 22 -ാം തിയതി പ്രതിപക്ഷ നേതാവും, കെപിസിസി പ്രസിഡന്റും, മുന്‍ മുഖ്യമന്ത്രിയും അടങ്ങുന്ന സംഘം ശുഹൈബിന്റെ വീട് സന്ദര്‍ശിക്കും. ശുഹൈബിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും കൊലയാളികളെ കണ്ടെത്തും വരെ പ്രതിഷേധം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ