ചൊവ്വാഴ്ച, ഫെബ്രുവരി 20, 2018
കണ്ണൂര്‍: ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ പുതിയ ചില നീക്കങ്ങള്‍ തുടങ്ങി. പോലീസ് സേനയില്‍ മൊത്തമായി അഴിച്ചുപണി നടത്തി ശക്തരായ സംഘത്തെ വടക്കന്‍ മേഖലയില്‍ നിയമിക്കാനാണ് നീക്കം. നായനാര്‍ മുഖ്യമന്ത്രിയായ വേളയില്‍ രാഷ്ട്രീയ അക്രമം തടയാന്‍ സ്വീകരിച്ച തന്ത്രമാണ് പിണറായിയും ആലോചിക്കുന്നത്. പോലീസിന്റെ രഹസ്യനീക്കങ്ങളെല്ലാം പൊളിയുന്നുവെന്നാണ് ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പരാതി. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരമാണ് പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. ശക്തരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പുതിയ സംഘത്തെ ഉടന്‍ നിയോഗിക്കുമെന്നാണ് വിവരം...
നീക്കങ്ങള്‍ പൊളിയുന്നു
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലയാളികളെ പിടിക്കാനുള്ള നീക്കങ്ങള്‍ പൊളിയുകയാണ്. രഹസ്യമായി നടത്തുന്ന റെയ്ഡ് വിവരം പോലും ചോരുകയാണെന്നാണ് ആക്ഷേപം. പോലീസിലുള്ളവര്‍ തന്നെ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടത്രെ.

സര്‍ക്കാര്‍ ചെയ്തത്
ഈ സാഹചര്യത്തിലാണ് പ്രതികളെ പിടിക്കാന്‍ പോലീസിന് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയത്. ഇതിന് പരിഹാരമായി അന്വേഷണം പുതിയ സംഘത്തിന് കൈമാറുകയാണ് സര്‍ക്കാര്‍ ചെയ്തത്.

പുതിയ ശ്രമം
തുടര്‍ന്നാണ് കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ഷുഹൈബ് വധം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത്. തൊട്ടുപിന്നാലെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവരെ കുറച്ച് പൂര്‍ണമായ വിവരം ലഭിക്കുകയും ചെയ്തു.

ശക്തനായ ഉദ്യോഗസ്ഥന്‍ വരുന്നു
എന്നാല്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന പ്രദേശങ്ങളില്‍ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് പ്രതികള്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അതിനിടെ ഐജി മഹിപാല്‍ യാദവ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുകയുമാണ്. ഈ സാഹചര്യത്തിലാണ് കണ്ണൂരില്‍ കണ്ണൂരിലെ രാഷ്ട്രീയ ക്രിമിനലുകളെ ഒതുക്കാന്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നത്.

ഐജി മനോജ് എബ്രഹാം
തിരുവനന്തപുരം ഐജി മനോജ് എബ്രഹാമിനെ കണ്ണൂരില്‍ നിയമിക്കുമെന്നാണ് വിവരം. മഹിപാല്‍ യാദവ് കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ വരുന്ന ഒഴിവിലാണ് മനോജ് എബ്രഹായം എത്തുക. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.

ഡിജിപിയുടെ നിര്‍ദേശം
ഇനിയും രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ പോലീസ് സേനയിലുണ്ടാകില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ജില്ലാ പോലീസ് മേധാവിയുടെ പരാതി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഗൗരവത്തിലെടുത്തിട്ടുണ്ട്. കണ്ണൂരിലേക്ക് ശക്തനായ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് ഡിജിപിയാണ് നിര്‍ദേശം മുന്നോട്ട് വച്ചത്.

ചില തടസങ്ങള്‍
പക്ഷേ, തിരുവനന്തപുരത്ത് ശക്തനായ ഐജിയെ കണ്ടെത്തണം. എന്നാല്‍ മാത്രമേ മനോജ് എബ്രഹാമിനെ കണ്ണൂരിലേക്ക് മാറ്റൂ. കണ്ണൂരിന്റെ എല്ലാ സ്വഭാവവും അറിയാവുന്ന വ്യക്തിയാണ് മനോജ് എബ്രഹാം.

നായനാരുടെ കാലത്ത്
ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ നിയോഗിച്ചത് മനോജ് എബ്രഹാമിനെ ആയിരുന്നു. അന്ന് എസ്പിയായി എത്തിയ മനോജ് എബ്രഹാം എല്ലാ അക്രമികളെയും നിലക്ക് നിര്‍ത്തി. അദ്ദേഹം കണ്ണൂരില്‍ നിന്ന് സ്ഥലം മാറിപ്പോകുംവരെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിരുന്നില്ല.

കള്ളന്‍ കപ്പലില്‍
വിവരങ്ങള്‍ പോലീസിനകത്തുള്ളവര്‍ തന്നെയാണ് പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കുന്നതെന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. കെ സുധാകരന്‍ ചില പോലസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു. സംശയത്തിലുള്ളവരെ ഒഴിവാക്കി പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനും ആലോചിക്കുന്നുണ്ട്.

പദ്ധതിയിട്ടവര്‍
എന്നാല്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളല്ല എന്ന കോണ്‍ഗ്രസ് ആരോപണം പോലീസ് തള്ളി. അറസ്റ്റിലായവര്‍ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ട്. ഷുഹൈബിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടവരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൊബൈലുകളുടെ കാലമല്ലേ
പോലീസിന് വിവരം കിട്ടുന്ന പോലെ പ്രതികള്‍ക്കും വിവരം ലഭിക്കുന്നുണ്ട്. മൊബൈലുകളുടെ കാലമല്ലേ. ഒരുമിച്ച് പോലീസുകാര്‍ പോകുമ്പോള്‍ പ്രതികളെ സഹായിക്കുന്നവര്‍ വവരം നല്‍കുന്നത് സ്വാഭാവികമാണ്. അക്കൂട്ടത്തില്‍ പോലീസുകാരുണ്ടെങ്കില്‍ മാപ്പില്ലെന്നും രാജേഷ് ദിവാന്‍ വ്യക്തമാക്കി.

എല്ലാം അറിഞ്ഞു
ഷുഹൈബിന്റെ കൊലപാതകത്തില്‍ പത്ത് പേര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ പത്ത് പേരാണ് പ്രവര്‍ത്തിച്ചത്. അറസ്റ്റിലായവരില്‍ നിന്നാണ് പോലീസ് കൃത്യത്തിന് പിന്നില്‍ നടന്ന നീക്കങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചത്.


മൂന്ന് പേര്‍ ബാക്കി
ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ കൃത്യം നടത്തിയവരോടൊപ്പമുണ്ടായിരുന്നു. എല്ലാവരുടെയും വിവരങ്ങള്‍ ഇവര്‍ പോലീസിനോട് പറഞ്ഞു. തിരിച്ചറിയാത്ത മൂന്ന് പേരുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.


വെട്ടാനും ബോംബേറിനും
വെട്ടാനെത്തിയ സംഘത്തില്‍ അഞ്ച് പേരാണുണ്ടായിരുന്നത്. ഡ്രൈവറെ കൂടാതെ നാലു പേര്‍. ആകാശും രജിനുമാണ് ഷുഹൈബിനെ വാള്‍ ഉപയോഗിച്ച് വെട്ടിയത്. ബോംബ് കൈകാര്യം ചെയ്യുന്നതിന് സംഘത്തിലുള്ള ചിലരെ പ്രത്യേകം നിയോഗിച്ചിരുന്നുവത്രെ.


ഉന്നത നേതാക്കള്‍ അറിയില്ല
സംഭവം നടന്ന ശേഷം മുങ്ങിയ പ്രതികള്‍ മുടക്കോഴി മല ഉള്‍പ്പെടെയുള്ള പാര്‍ട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് ഒളിവില്‍ കഴിഞ്ഞത്. ടിപി ചന്ദ്രശേഖരന്റെ കൊലയാളികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതും ഇതേ സ്ഥലങ്ങളിലായിരുന്നു. സിപിഎം പ്രാദേശിക നേതൃത്വത്തിന് കൊലപാതകം സംബന്ധിച്ച് വിവരമുണ്ടായിരുന്നു. ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി.

സമാധാന യോഗം ബുധനാഴ്ച
ബുധനാഴ്ച കണ്ണൂരില്‍ സമാധാന യോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രി എകെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കും. വധവുമായി ബന്ധമില്ലെന്ന നിലപാടില്‍ തന്നെയാണ് സിപിഎം ഇപ്പോഴും. പക്ഷേ, കൃത്യത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ