ബുധനാഴ്‌ച, മാർച്ച് 07, 2018
തിരുവനന്തപുരം : ഡി.എം.ആര്‍.സിയുടെ സഹായം ലൈറ്റ് മെട്രോയ്ക്ക് വേണ്ടെന്നും ഡി.എം.ആര്‍.സി ഇല്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. സല്‍പ്പേരുണ്ടെന്നു വെച്ച് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ടെന്നും കൊടുക്കാത്ത കരാര്‍ വാങ്ങിക്കാന്‍ എന്തധികാരമാണ് ശ്രീധരന് ഉള്ളതെന്നും സുധാകരന്‍ ആഞ്ഞടിച്ചു. മന്ത്രിമാരുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും വെറുതേ നടക്കാന്‍ താത്പര്യമില്ലാതെ തോറ്റുമടങ്ങുന്നുവെന്നും പറഞ്ഞ മെട്രോമാന്റെ വാക്കുകള്‍ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ സര്‍ക്കാരിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇ.ശ്രീധരനെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി രംഗത്തെത്തിയത്.

ഏറെ പ്രതീക്ഷയോടെ കേരളത്തില്‍ എത്തിച്ച ലൈറ്റ് മെട്രോയുടെ ചുമതലയില്‍ നിന്നും മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും താത്പര്യമില്ലാത്തതിനാല്‍ ഒഴിയുന്നുവെന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. മൂന്നു വര്‍ഷമായി ഇവിടെ പ്രയത്‌നിക്കുകയാണെന്നും കൃത്യമായി കാര്യങ്ങള്‍ നീക്കിയിരുന്നുവെങ്കില്‍ ലൈറ്റ് മെട്രോ ഇപ്പോള്‍ ഓടിത്തുടങ്ങുമായിരുന്നുവെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. കേരളത്തിനു ശേഷം അപേക്ഷ നല്‍കിയ ലക്‌നൗവില്‍ 10 കിലോമീറ്റര്‍ മെട്രോ ഓടിത്തുടങ്ങി. ഞങ്ങള്‍ വെറുതേ പിന്നാലെ നടന്നിട്ട് കാര്യമില്ലല്ലോ, മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടി താത്പര്യം വേണ്ടേയെന്നും ശ്രീധരന്‍ വിമര്‍ശിച്ചിരുന്നു.

കേന്ദ്രത്തില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് അനുമതി നേടിയെടുക്കാമായിരുന്നു. പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്നും ഓഫീസ് പൂട്ടുകയാണെന്നും നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്കു വിളിക്കാനുള്ള സൗമനസ്യം പോലും ഇല്ലെന്നും സ്വന്തം നാട്ടിലെ പദ്ധതിക്കായി ആഗ്രഹിച്ച് മടുത്ത് മതിയാക്കുകയാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ