ചെന്നൈ: കഴിഞ്ഞ 26 വർഷമായി ദേശീയ-അന്തർ ദേശീയ കാർ റാലി മേഖലയിൽ ജൈത്രയാത്ര തുടരുന്ന മൂസാ ഷരീഫ് ദേശീയ കാർറാലി ചാമ്പ്യൻ പട്ടം -2017 ഏറ്റുവാങ്ങി. ചെന്നൈയിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ വെച്ചാണ് ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിൽ അഞ്ചാം തവണയും ജേതാവായ മൂസ ഷരീഫിന്
എഫ്.എം എസ് സി ഐ ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം-2017 സമ്മാനിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന 5 റൗണ്ടുകളിലും തിളക്കമാർന്ന വിജയം നേടിയാണ് മൂസാ ഷരീഫ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ ഒന്നാം നമ്പർ റാലി ഡ്രൈവർ ഡൽഹി സ്വദേശിയായ ഗൗരവ് ഗില്ലിനോടൊപ്പം ചേർന്ന് മഹീന്ദ്രാ അഡ്‌വെഞ്ചേഴ്സിന് വേണ്ടി കളത്തിലിറങ്ങിയാണ് ഷരീഫ് ചരിത്രത്തിലേക്ക് നടന്നു കയറിയത്. ഇതിനു മുമ്പ് 2007, 2009, 2011, 2014 വർഷങ്ങളിലായി മൂസാ ഷരീഫ് നാല് പ്രാവശ്യം ദേശീയ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. മൂസ ഷരീഫിന് ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഇന്ത്യ പ്രസിഡന്റ് അക്ബർ ഇബ്രാഹിം ചാമ്പ്യൻ പട്ടം സമ്മാനിച്ചു. മൊഗ്രാൽ പെർവാഡ് സ്വദേശിയായ മൂസാ ഷരീഫിന്റെ ഈ ഉജ്വല നേട്ടം കേരളത്തിനും വിശിഷ്യാ കാസറഗോഡിനും ഒന്നടങ്കം അഭിമാനിക്കാൻ വകനൽകുന്നതാണ്.
0 Comments