സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. എസ് പി ദേബേഷ്കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലാണ് അന്വേഷണം.
20 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പൊലീസ് പിടിയിലായിട്ടുള്ളത്. മലപ്പുറം കൂട്ടായി സ്വദേശിയായ ഒരു പതിനാറുകാരന്‍ കൂടി ഈ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിന്‍ ആണെന്ന് പൊലീസ് പറയുന്നു. താമസിയാതെ ഈ യുവാവും പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായവര്‍ ഇപ്പോ മഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
ഇവര്‍ ഇത്തരം പോസ്റ്ററുകള്‍ നിര്‍മ്മിച്ചതിന് പിന്നിലെ ഗൂഢാലോചനയാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ നിര്‍മിക്കാന്‍ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചോ, ഇവരുടെ രാഷ്ട്രീയ ബന്ധം അതിന് കാരണമായോ തുടങ്ങിയ കാരണങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. പിടിയിലാവരെല്ലാം സംഘപരിവാര്‍ പ്രവര്‍ത്തകരും, സ്ഥിരമായി സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ്.
0 Comments