കാസര്‍കോട് : നിരവധി അസുഖങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും ഹോസ്ദുര്‍ഗില്‍ നിന്നുള്ള 78കാരിയായ തമ്പായിയമ്മയെ വേദനിപ്പിക്കുന്നത് വളര്‍ത്തിവലുതാക്കിയ മക്കളില്‍ നിന്നുള്ള അവഗണനയാണ്. മൂന്നു പെണ്‍മക്കള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഈ അമ്മയ്ക്ക്. ഇതില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഇളയമകളാണ് ഏക ആശ്രയം. മറ്റ് മക്കള്‍ എല്ലാവരും മെച്ചപ്പെട്ട നിലയിലാണ്. ഒരു മകള്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രധാനാധ്യാപികയാണ്. മറ്റുമക്കളും സാമ്പത്തികമായി അല്ലലില്ലാതെ ജീവിക്കുന്നു. ഇവരില്‍ നിന്ന് അവഗണനമാത്രമാണ് തനിക്കുലഭിക്കുന്നതെന്നും സ്വന്തം പേരിലുള്ള മൂന്നര സെന്റ് ഭൂമി വില്‍ക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നുമായിരുന്നു വനിതാ കമ്മീഷനുമുന്നില്‍ ഈ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. സ്‌കൂളില്‍ പാചകക്കാരിയായി ജോലി ചെയ്തും മറ്റും മക്കളെയെല്ലാം പഠിപ്പിച്ചു. എന്നാല്‍ വാര്‍ധക്യകാലത്ത് തനിക്ക് അവരില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് ഇളയമകള്‍ക്കൊപ്പമെത്തിയ തമ്പായിയമ്മ പറഞ്ഞു. പരാതികള്‍ വിശദമായികേട്ട കമ്മീഷന്‍ എല്ലാ മക്കളോടും അടുത്ത അദാലത്തില്‍ നേരിട്ട് ഹാജരാകുവാന്‍ നോട്ടീസ് അയച്ചു. നാലു മക്കളും അമ്മയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും അമ്മയുടെ പേരിലുള്ള ഭൂമി വില്‍ക്കുവാന്‍ അനുവദിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.
ജില്ലയില്‍ പരിഗണിച്ച ഭൂരിപക്ഷം കേസുകളും സമ്പത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നുവെന്ന് വനിതകമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. സഹോദരങ്ങള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും നാട്ടുകാര്‍ തമ്മിലുമെല്ലാം സമ്പത്തിന്റെ പേരിലാണ് തര്‍ക്കങ്ങളെന്ന് അവര്‍ പറഞ്ഞു. തമ്പായിയമ്മയുടെ കാര്യത്തില്‍ മൂന്നു മക്കള്‍ തിരിഞ്ഞുനോക്കുന്നില്ല. എന്നാല്‍ ഇവര്‍ക്ക് അമ്മയുടെ പേരിലുള്ള സ്ഥലത്തിന്റെ വിഹിതം വേണം. സമ്പത്തിനെ ആശ്രയിച്ചായിരിക്കുന്നു പലരുടെയും ജീവിതം. നല്ല വിദ്യാഭ്യാസമുണ്ട്. നല്ല ജോലിയുണ്ട്. എന്നാല്‍ പലര്‍ക്കും നല്ല ജീവിതമില്ലെന്നും കമ്മീഷന്‍ വിലയിരുത്തി.
തന്നെയും ഭര്‍ത്താവിനെയും ജീവിക്കാന്‍ അനുവദിക്കാത്തവിധം ഭര്‍തൃപിതാവ് മാനസികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി ആയുര്‍വേദ ഡോക്ടര്‍ വനിതകമ്മീഷനു മുന്നിലെത്തി. മാത്രമല്ല തങ്ങളെഇരുവരെയും വീട്ടില്‍നിന്നും പുറത്താക്കിയെന്നും വസ്ത്രങ്ങള്‍ എടുക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്നും ഭര്‍ത്താവിനൊപ്പമെത്തിയ യുവതി വ്യക്തമാക്കി. പരാതിയില്‍ മൂന്നു ദിവസത്തിനകം ഇവരുടെ വസ്ത്രങ്ങളും പുസ്തകങ്ങളും എടുക്കാന്‍ അനുവദിക്കണമെന്നു ടെലഫോണിലൂടെ കമ്മീഷന്‍ ഭര്‍തൃപിതാവിന് നിര്‍ദേശം നല്‍കി. മാത്രമല്ല അടുത്ത അദാലത്തില്‍ കമ്മീഷനുമുന്നില്‍ നേരിട്ടുഹാജരാകുവാനും ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകളുടെ വാട്ട്‌സാപ്പ് കൂട്ടായ്മയില്‍ സ്ത്രീയാണെന്ന വ്യാജേന നുഴഞ്ഞുകയറിയ കേസിലെ പ്രതിയും ഇയാളുടെ സുഹൃത്തും സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി തന്റെ വിവാഹാലോചനകള്‍ മുടക്കുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ സൈബര്‍ സെല്‍ എസ്.ഐയോട് ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറുവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
ചെറുമകന്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനുണ്ടെന്ന് പറഞ്ഞ് തന്നെയും മക്കളെയും വീടുകയറി ആക്രമിച്ചുവെന്ന 85കാരിയായ മറിയുമ്മയുടെ പരാതിയില്‍ 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാപോലീസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. തീരെ അവശയായ മറിയുമ്മയുടെ വാഹനത്തിനടുത്തെത്തിയാണ് കമ്മീഷന്‍ പരാതി കേട്ടത്.
0 Comments