തിങ്കളാഴ്‌ച, ജൂൺ 18, 2018
ബ്രോണിട്‌സി: ഐസ്‌ലാന്‍ഡിനോട് വഴങ്ങിയ സമനില അര്‍ജന്റീന ടീമിനെ വിമര്‍ശനങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണയാണ് ഇപ്പോള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. അടവ് മാറ്റിയില്ലെങ്കില്‍ കോച്ച് യോര്‍ഗെ സാംപോളിയെ നാട്ടിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മറഡോണ വ്യക്തമാക്കി. 'ഈ രീതിയിലാണ് കളിയെങ്കില്‍ കോച്ചിന് അര്‍ജന്റീനയിലേക്ക് തിരിച്ച് വരാന്‍ കഴിയില്ല. ഇതൊരു നാണക്കേടാണ്. ഐസ്‌ലാന്‍ഡ് താരങ്ങള്‍ 1.90 മീറ്റര്‍ ഉയരക്കാരാണ്. ഇത് പോലും അറിയാതെയാണ് തയ്യാറെടുപ്പ് നടന്നത്. ടീമിന്റെ ഉള്ളില്‍ രോഷമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്', മുന്‍ ദേശീയ ടീം കോച്ച് കൂടിയായ മറഡോണ വ്യക്തമാക്കി. സ്പാര്‍ടാക് സ്റ്റേഡിയത്തില്‍ മത്സരം വീക്ഷിച്ച ശേഷമാണ് ഇതിഹാസത്തിന്റെ പ്രതികരണം.

19-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറൊ നേടിയ ഗോളിലൂടെ മുന്നിലെത്തിയ അര്‍ജന്റീനയ്ക്ക് നാല് മിനിറ്റ് പിന്നിടുമ്പോഴേക്കും തിരിച്ചടി കിട്ടി. ആല്‍ഫ്രെഡ് ഫിന്‍ബോഗാസണാണ് ഗോള്‍ മടക്കിയത്. ലോകോത്തര താരമെന്ന ഖ്യാതി നിലനില്‍ക്കുമ്പോഴും ദേശീയ ടീമിനൊപ്പം ലോകകപ്പിന് എത്തുമ്പോള്‍ പരാജയപ്പെടുന്ന മെസ്സി ഒരു പെനാല്‍റ്റിയും പാഴാക്കി. എന്നാല്‍ താരങ്ങളെയല്ല കോച്ചിനെയാണ് മറഡോണ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്. 'താരങ്ങളെ കുറ്റം പറയാന്‍ കഴിയില്ല. മെസ്സിയെ ഒരിക്കലും കുറ്റപ്പെടുത്തില്ല. അഞ്ച് പെനാല്‍റ്റി തുലച്ചിട്ടും ഞാന്‍ ഡീഗോ അര്‍മാണ്ടോ മറഡോണയാണ്. മെസ്സി ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് കൊണ്ടല്ല രണ്ട് പോയിന്റ് പോയത്', മറഡോണ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 21ന് ക്രൊയേഷ്യക്ക് എതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ