ബുധനാഴ്‌ച, ജൂൺ 20, 2018
താജ്മഹലിന് സമീപം ശാഖ ആരംഭിക്കാനുള്ള ആര്‍.എസ്.എസിന്റെ നീക്കം ആഗ്ര പൊലീസ് തടഞ്ഞതിന് പിന്നാലെ പ്രതിഷേധവും രാഷ്ട്രീയ സമ്മര്‍ദ്ദവും ആയി സംഘപരിവാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി താജ്മഹലിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താനൊരുങ്ങുകയാണ് ആര്‍.എസ്.എസ്.

താജ്മഹലിന് സമീപം  പവന്‍ ധം കോളനിയില്‍ ശാഖ ആരംഭിക്കാനായിരുന്നു സംഘടനയുടെ നീക്കം. എന്നാല്‍ ഈ പ്രദേശം 24 മണിക്കൂറും പൊലീസിന്റെ സുരക്ഷാ നിരീക്ഷണത്തിലുള്ളതാണ്. പ്രസ്തുത സ്ഥലത്ത് ഒരു രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രവര്‍ത്തനം അനുവദിക്കാറില്ലെന്നും  പൊലീസ് വ്യക്തമാക്കിയിരുന്നു. തര്‍ക്കപ്രദേശമായ ഇവിടെ മുസ്‌ലീങ്ങളെ ഉറൂസ് നടത്താന്‍ പോലും അനുവദിക്കാറില്ല.

എന്നാല്‍ പൊലീസിന്റെ വാദം മുഖവിലക്കെടുക്കാതെ എന്തു വിലകൊടുത്തും ഇവിടെ ശാഖാ പ്രവര്‍ത്തനം ആരംഭിക്കുമെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. പ്രദേശത്തുള്ള  പൊലീസ് കാവല്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.


അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ സ്ഥലത്ത് ആര്‍.എസ്.എസിന്റെ ശാഖ പ്രവര്‍ത്തനം ഉണ്ടായിരുന്നു. ശാഖയുടെ ചുമതലയുള്ള ആള്‍ ചില ആവശ്യങ്ങള്‍ കാരണം അവിടെ നിന്നും പോവുകയും,  അയാള്‍ തിരിച്ചെത്തി ശാഖ തുടങ്ങുകയും ചെയ്തപ്പോഴാണ് പൊലീസ് തടഞ്ഞതെന്നാണ് ബി.ജെ.പി പ്രാദേശിക നേതാവ് അശ്വിനി കുമാര്‍ വശിഷ്ടയുടെ വാദം .

ശാഖയില്‍ തങ്ങള്‍ തീവ്രവാദികളെ ഉണ്ടാക്കിയെടുക്കുകയാണെന്നാണ് പൊലീസ് പറഞ്ഞത്. അങ്ങനെയെങ്കില്‍ മുന്‍പ്രധാനമന്ത്രി വാജ്‌പേയിയും നിലവിലെ പ്രധാനമന്ത്രി മോദിയും മറ്റ് മുതിര്‍ന്ന ബി.ജെ.പിയുടെ ദേശീയ നേതാക്കളുമെല്ലാം തീവ്രവാദികളാണോ എന്ന് പൊലീസ് വ്യക്തമാക്കണമെന്നും സംസ്ഥാനവും കേന്ദ്രവും തങ്ങളുടെ പാര്‍ട്ടി ഭരിച്ചിട്ടും ആര്‍.എസ്.എസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന്  നേതൃത്വത്തെ അറിയിക്കുമെന്നും അശ്വിനി കുമാര്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരം ആവശ്യങ്ങളുമായി സംഘടന രംഗത്തെത്തുന്നതെന്നും പ്രസ്തുത സ്ഥലത്ത് രാഷ്ട്രീയപാര്‍ട്ടി ഓഫീസോ പൊതുപരിപാടിയോ നടത്താന്‍ അനുവദിക്കില്ലെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഉദയ് രാജ് സിങ് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ