ഉദുമ ഇസ്‌ലാമിയ സ്‌കൂളില്‍ വായനാ കുട്ടിപ്പുര ഒരുങ്ങി

ഉദുമ ഇസ്‌ലാമിയ സ്‌കൂളില്‍ വായനാ കുട്ടിപ്പുര ഒരുങ്ങി

ഉദുമ: കുട്ടികളിലും രക്ഷിതാക്കളിലും വായന പ്രോത്സാഹിപ്പിക്കാന്‍ ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളില്‍ വായനാ കുട്ടിപ്പുര ഒരുങ്ങി. പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ജൈവ പാര്‍ക്കിന് സമീപത്തെ ബദാം മരത്തിന് ചുവട്ടിലാണ് വായനാ കുട്ടിപ്പുര നിര്‍മിച്ചത്.
യുവ ചിത്രകാരനും ആര്‍ട്ടിസ്റ്റുമായ ഉദുമ കൊക്കാല്‍ പരിയാരത്തെ മനോജ് മേഘയുടെ നേതൃത്വത്തില്‍ സഹായികളായ രാഹുല്‍ കോഹിന്നൂര്‍, സനീഷ് തിമിരി എന്നിവര്‍ ചേര്‍ന്ന് 25ദിവസം കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുള, ഓല, മുളി, കയര്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച വായനാ കുട്ടിപ്പുര ഏവരെയും ആകര്‍ഷിക്കുന്നു.
അറുപത് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഇതിനകത്തുണ്ട്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യഥേഷ്ടം വായിക്കാനുള്ള പുസ്തകങ്ങളും, ചിത്രകഥകളും പത്രങ്ങളും ഇവിടെ ലഭിക്കും. പത്രങ്ങള്‍ രക്ഷിതാക്കളും പുസ്തകങ്ങള്‍ നാട്ടുകാരും സംഭാവനയായി നല്‍കും. സ്‌കൂളില്‍ എത്തുന്ന രക്ഷിതാക്കള്‍ക്കും ഇടവേള സമയത്ത് കുട്ടികള്‍ക്കും ഇതിനകത്ത് ഇരുന്ന് വായിക്കാം. പി.ടി.എ യോഗം ചേരാനും അത്യാവശ്യ സമയത്ത് ക്ലാസുകള്‍ നടത്താനും കുട്ടിപുര പ്രയോജനപ്പെടുത്തും. ജൂലൈ മുപ്പത്തിന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഇത് സമര്‍പ്പിക്കും.

Post a Comment

0 Comments