മരണക്കുഴിയായി ദേശീയപാത: രണ്ട് ആഴ്ച്ചയ്ക്കിടെ പൊലിഞ്ഞത് 15 ജീവനുകള്‍

മരണക്കുഴിയായി ദേശീയപാത: രണ്ട് ആഴ്ച്ചയ്ക്കിടെ പൊലിഞ്ഞത് 15 ജീവനുകള്‍

കാഞ്ഞങ്ങാട്:  കുഴികള്‍ നിറഞ്ഞ ദേശീയപാത കുരുതിക്കളമാകുന്നു. ജില്ലയില്‍ കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കുപറ്റി.  ജില്ലയിലൂടെ കടന്നു പോകുന്ന ഭൂരിഭാഗം സ്‌ട്രെച്ചുകളും ടാറിംഗ് നടത്താതെ അഞ്ചുവര്‍ഷമായി. തലപ്പാടി ഉപ്പള, പെര്‍വാഡ്അണങ്കൂര്‍, നീലേശ്വരംകാലിക്കടവ് സ്‌ട്രെച്ചുകളാണ് അഞ്ചുവര്‍ഷമായി ടാറിംഗ് പ്രവൃത്തി നടക്കാതെ പൊട്ടി പൊളിഞ്ഞിരിക്കുന്നത്.
ജില്ലയിലെ ഈ 30 കിലോമീറ്റര്‍ ദൂരത്തിലാണ് അപകടവും ഗതാഗതകുരുക്കും ഏറ്റവും രൂക്ഷമായിരിക്കുന്നത്. 2016 ലാണ് ഉപ്പളകുമ്പള സ്‌ട്രെച്ച് റീടാറിംഗ് നടത്തിയത്. അടുത്തിടെ റീടാറിംഗ് നടത്തിയ ചെര്‍ക്കളനീലേശ്വരം സ്‌ട്രെച്ച് മാത്രമാണ് തകരാതെ നില്‍ക്കുന്നത്. സാധാരണഗതിയില്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ദേശീയപാതയില്‍ റീടാറിംഗ് പ്രവൃത്തി നടത്താറുണ്ടായിരുന്നു. എന്നാല്‍ 2016 ല്‍ ദേശീയപാത നാലുവരിയാക്കി വീതി വര്‍ധിപ്പിക്കാനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ കുഴിയടക്കല്‍ നടപടി മുടങ്ങി. അടുത്തിടെ കുഴി അടയ്ക്കാന്‍ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ തുക കുറവായതിനാല്‍ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാതിരുന്നതിനാല്‍ പ്രവൃത്തി മുടങ്ങുകയായിരുന്നു. ജൂലൈ ഒമ്പതിനാണ് ഉപ്പള നയാബസാറില്‍ ട്രാവലര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചത്.  കര്‍ണാടക തലപ്പാടി അജ്ജിനടുക്കയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തുമ്മ (72), മക്കളായ നസീമ(30), നസീമയുടെ മകള്‍ ഫാത്തിമ (11 മാസം), ബീഫാത്തുമ്മയുടെ മറ്റൊരു മകള്‍ അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തുമ്മയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ്(38) എന്നിവരാണ് മരിച്ചത്. 14 നാണ് ഉപ്പള ടൗണിന് സമീപം ബൈക്ക് ഗട്ടറില്‍ വീണുണ്ടായ അപകടത്തില്‍ കര്‍ണാടക ഹാവേരി സ്വദേശി വിരുബാഷപ്പ (45) മരിച്ചിരുന്നു.  അപകട പരമ്പരയില്‍ ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം അടുക്കത്ത്ബയലില്‍ നടന്ന കൂട്ടവാഹന അപകടം. ചൗക്കി സ്വദേശികളായ റജീസ്മസൂമ ദമ്പതികളുടെ മക്കളായ ഇബ്രാഹിം ഷാസില്‍ (7), മുഹമ്മദ് മിന്‍ഹാജ് (5) എന്നിവരാണ് അന്ന് മരിച്ചത്. റോഡപകടങ്ങളിലെ മരണനിരക്ക് കൂടിയപ്പോള്‍ അധികൃതര്‍ ധൃതി പിടിച്ചു കുഴിയടക്കാന്‍ മുന്നോട്ടു വന്നത് പ്രതിഷേധത്തിനിടയാക്കി.

Post a Comment

0 Comments