വെള്ളിയാഴ്‌ച, ഓഗസ്റ്റ് 31, 2018
ദുബായ്: പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിനായി സമാഹരിക്കുന്ന സഹായം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനിക്കുമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് ദുബായ് ചാപ്‌ററര്‍ മാനേജര്‍ മൊഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറൂണി പറഞ്ഞു. യു.എ.ഇ ഇന്ത്യ ഗവര്‍മ്മെണ്ടുകള്‍ തമ്മിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. എമിറേററ്‌സ് റെഡ് ക്രസന്റ്, ദുബായ് കെയേര്‍സ്, ശൈഖ് ഖലീഫ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ യു.എ.ഇ യിലെ പ്രമുഖ ജീവകാരുണ്യ സംഘടനകള്‍ വഴി കേരളത്തിനായി ധനസമാഹരണം നടക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഇന്ത്യ, വിശേഷിച്ച് കേരളം പതിറ്റാണ്ടുകളായി ഇമറാത്തികളുമായി വലിയ സൗഹൃദം പുലര്‍ത്തുന്ന ഭൂവിഭാഗവും ജനതയുമാണ്. കേരളത്തിനുണ്ടായ പ്രയാസത്തില്‍ എല്ലാ യു.എ.ഇ പൗരന്മാര്‍ക്കും വേദനയുണ്ട്. ഇപ്പോള്‍ തന്നെ റെഡ്ക്രസന്റ് വിവിധ എന്‍.ജി.ഓ കള്‍ മുഖേന പ്രളയബാധിത പ്രദേശത്ത് അവശ്യം വേണ്ട സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്ത്യയിലെ യു.എ.ഇ എംബസ്സിയും കോണ്‍സുലേറ്റും ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇവിടെ നിന്ന് നേരിട്ടും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചുമാണ് സാധനങ്ങള്‍ എത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ധനസഹായം സംബന്ധിച്ച കാര്യങ്ങള്‍ ഗവര്‍മ്മെണ്ടുകള്‍ തമ്മിലുള്ള ഇടപാടാണ്. അംബാസഡറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം അതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ