വെള്ളിയാഴ്‌ച, ഓഗസ്റ്റ് 31, 2018
കാഞ്ഞങ്ങാട്: മലയോരത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറയില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരങ്ങളും ഹിറ്റാച്ചിയും ടിപ്പറും ഉള്‍പ്പെടെ 11 വാഹനങ്ങളും കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജുവിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.ക്വാറി ഉടമ കോളിയാറിലെ ബെന്നിക്കെതിരെ ആര്‍ഡിഒയുടെ നിര്‍ദ്ദേശപ്രകാരം അമ്പലത്തറ പോലീസ് കേസെടുത്തു. ക്വാറിയില്‍ നിന്നും 105 ജലാറ്റിന്‍ സ്റ്റിക്കുകള്‍, വയറുകള്‍, വെടിമരുന്നുകള്‍ എന്നിവയും കെഎല്‍60 ഇ 6131, കെഎല്‍ 60 എ 5426, കെഎല്‍ 59 ഇ 3002, കെഎല്‍ 60 ഡി 4498, കെഎല്‍ 60 3962, കെഎല്‍ 60 ഡി 5020 എന്നീ ടിപ്പറുകളും അഞ്ച് ഹിറ്റാച്ചികളുമാണ് അമ്പലത്തറ എസ്‌ഐ സതീഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 15 വര്‍ഷമായി  അനധികൃതമായി ഈ ക്വാറി ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. ഇതിനെതിരെ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇതുവരെയും നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
ഈ ക്വാറി കടുത്ത പാരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ കാഞ്ഞങ്ങാട് ആര്‍ഡിഒക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പോലീസുമായി ക്വാറിയിലെത്തിയ ആര്‍ഡിഒ സ്‌ഫോടകവസ്തുക്കളും വാഹനങ്ങളും പിടിച്ചെടുക്കുകയും ക്വാറി അനധികൃതമാണെന്ന് കണ്ടെത്തി ഉടമക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ