ബുധനാഴ്‌ച, ഓഗസ്റ്റ് 01, 2018
കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡില്‍ ബസ് സ്റ്റാന്റിന് മുന്നില്‍ സീബ്ര ലൈനില്ലാത്തതും ഡിവൈഡറിന് ഉയരം കൂടിയതും അപകടം പതിവാക്കുന്നു. കെഎസ്ടിപി റോഡ് നിര്‍മ്മിച്ചപ്പോള്‍ നേരത്തെയുണ്ടായിരുന്ന ഡിവൈഡര്‍ മാറ്റി പുതിയ ഡിവൈഡര്‍ സ്ഥാപിച്ചതോടെയാണ് ഇവിടെ അപകടഭീഷണി ഉയര്‍ന്നിരിക്കുന്നത്.
റോഡ് പണിതപ്പോള്‍ സീബ്ര ലൈന്‍ വരക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. ഉയരം കൂടിയ ഡിവൈഡര്‍ പലപ്പോഴും തിരക്കിട്ട് നടക്കുമ്പോള്‍ മറികടക്കാന്‍ കഴിയാതെ കാലില്‍ തട്ടി വീഴുന്നതും പതിവാണ്. നേരത്തേ സീബ്ര ലൈന്‍ ഉണ്ടായിരുന്നത് കൊണ്ട് അതിലൂടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടാകുന്ന ഹോംഗാര്‍ഡുമാരും പോലീസുകാരുമാണ് യാത്രക്കാരെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ രാവിലെയും സ്‌കൂളുകള്‍ വിടുന്ന വൈകുന്നേരങ്ങളിലും യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിച്ച് യാത്രക്കാരെ റോഡ് കടത്തിവിടാന്‍ പലപ്പോഴും ഇവര്‍ക്ക് കഴിയാറില്ല. ഇതാണ് മിക്കപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അപകടം ഒഴിവാക്കാന്‍ ഡിവൈഡറിന്റെ ഉയരം കുറച്ച് സീബ്രലൈന്‍ വരക്കണമെന്നാണ് യാത്രക്കാരും ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ