ചെന്നൈ: രാഷ്ട്രീയാചാര്യന്‍ കലൈഞ്ജര്‍ കരുണാനിധിയുടെ വിയോഗത്തില്‍ മനംനൊന്ത് രണ്ടു പേര്‍ ഹൃദയാഘാതം വന്നു മരിച്ചു. ഡിഎംകെ അനുയായികളായ സുബ്രമണ്യന്‍, രാജേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. 50 വയസ്സ് പിന്നിട്ട ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ കലൈഞ്ജറുടെ മരണ വാര്‍ത്ത വന്നതു മുതല്‍ മാനസികമായി തകര്‍ന്ന നിലയിലായിലായിരുന്നു. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് സമാനമായ രീതിയില്‍ 12 പേര്‍ മരിച്ചിരുന്നു. എംകെ സ്റ്റാലിന്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു.
ഇന്നലെ വൈകുന്നേരം 6.10ന് ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു കരുണാനിധി(94)യുടെ അന്ത്യം. വൈകുന്നേരം നാലരയോടെ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു. മണിയോടെ മരണവാര്‍ത്ത പുറത്തുവിട്ടു. മരണസമയത്ത് മക്കളായ എം.കെ സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവരും പ്രധാനപ്പെട്ട ഡി.എം.കെ നേതാക്കളും കാവേരി ആശുപത്രിയില്‍ ഉണ്ടായിരുന്നു.
1969-2011 വര്‍ഷങ്ങളില്‍ വിവിധ കാലയളവുകളിലായി അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. നിലവില്‍ തമിഴ്‌നാട് നിയമസഭാംഗമാണ്. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ തിരുക്കുവളൈയില്‍ മുത്തുവേലരുടേയും അഞ്ജുകം അമ്മയാരുടേയും മകനായി 1924 ജൂണ്‍ 3നാണ് കരുണാനിധി ജനിച്ചത്. ദക്ഷിണാമൂര്‍ത്തി എന്നാണ് മാതാപിതാക്കള്‍ നല്‍കിയ പേര്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ തന്നെ സാഹിത്യാഭിരുചി പ്രകടിപ്പിച്ച കരുണാനിധി ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും അതിന്റെ നേതാവ് അഴകിരി സ്വാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായി പതിമൂന്നാം വയസില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിന് ഇളൈഞ്ചര്‍ മറുമലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു. ഇത് പിന്നീട് സംസ്ഥാനമെമ്പാടും സ്വാധീനമുള്ള വിദ്യാര്‍ത്ഥി സംഘടനയായി മാറി. പിന്നീട് തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായി മാറിയ കരുണാനിധി പെരിയോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പെരിയോര്‍ ഈറോഡില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മുരശൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചരണത്തിനായി സ്ഥാപിച്ചു.
ഇതേ കാലയളവില്‍ രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങള്‍ എഴുതി അദ്ദേഹം സിനിമയിലെത്തി. സിനിമയില്‍ എത്തിയതോടെ അദ്ദേഹം എം.ജി.ആറുമായി സൗഹൃദത്തിലാവുകയും എം.ജി.ആറിനെ ദ്രാവിഡ ആശയങ്ങളിലേക്ക് നയിക്കുകയും ചെയ്തു. 39ഓളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി നാടകങ്ങളും കഥകളും നോവലുകളും ഉള്‍പ്പെടെ മറ്റ് സാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.
1957ല്‍ 33-ാം വയസില്‍ കുളിത്തലൈ സീറ്റില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. തുടര്‍ന്ന് 1961ല്‍ ഡി.എം.കെ ട്രഷററും പാര്‍ട്ടിയുടെ നിയമസഭാ കക്ഷി ഉപാധ്യക്ഷനുമായി. 1967ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ കരുണാനിധി പി.ഡബ്ല്യു.ഡി മന്ത്രിയായി. 1969ല്‍ സി.എന്‍ അണ്ണാദുരൈയുടെ നിര്യാണത്തോടെ കരുനാണാനിധി പാര്‍ട്ടിയുടെ അധ്യക്ഷനും മുഖ്യമന്ത്രിയുമായി. പിന്നീട് 1971-74, 1989-91, 1996-2001, 2006-2011 വര്‍ഷങ്ങളിലും മുഖ്യമന്ത്രിയായി.
എം.ജി.ആര്‍, അണ്ണാദുരൈ തുടങ്ങിയവരുടെ സമകാലീനനായിരുന്ന തമിഴ് രാഷ്ട്രീയത്തിലെ അതികായനാണ് അണികളുടെ പ്രിയങ്കരനായ കലൈഞ്ജര്‍ എന്ന കരുണാനിധി. ഭാര്യമാര്‍: പത്മാവതി, രാസാത്തി അമ്മാള്‍, ദയാലു അമ്മാള്‍. മക്കള്‍ തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന എം.കെ സ്റ്റാലിന്‍, മുന്‍ കേന്ദ്രമന്ത്രി എം.കെ അഴഗിരി, രാജ്യസഭാംഗം കനിമൊഴി, എം.കെ മുത്തു, എം.കെ സെല്‍വി, എം.കെ തമിഴരശ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ