ഉത്തരാഖണ്ഡിൽ പ്രളയമുണ്ടായപ്പോൾ അമേരിക്കയും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇന്ത്യ അവ സ്വീകരിച്ചിരുന്നില്ല. മൻമോഹൻ സിങ് സർക്കാർ എ.ഡി.ബി.യിൽനിന്നും ലോകബാങ്കിൽനിന്നും വായ്പയെടുക്കുകയാണ് ചെയ്തത്. അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നാണ് സഹായവാഗ്ദാനം ഉണ്ടാവുന്നതെങ്കിൽ അതു സ്വീകരിക്കാൻ തടസ്സമുണ്ടാവില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. അങ്ങനെയൊരു വാഗ്ദാനം ഉണ്ടായാൽപോലും കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമേ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ. ഐക്യരാഷ്ട്രസഭയുടെ ഫണ്ടിലേക്ക് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സംഭാവനയുണ്ട്. പ്രളയദുരന്തം ഇന്ത്യയ്ക്ക് സ്വന്തംനിലയിൽ കൈകാര്യംചെയ്യാനാവുമെന്നാണ് സർക്കാർ നിലപാട്.
യു.എ.ഇ. സർക്കാരിന്റെ സഹായവാഗ്ദാനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്രത്തിനു ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. വിദേശസഹായം സർക്കാർ നേരിട്ടു സ്വീകരിക്കില്ലെന്നാണ് നയമെങ്കിലും സൗഹൃദരാഷ്ട്രമെന്നനിലയ്ക്ക് യു.എ.ഇ.യുടെ കാര്യത്തിൽ കേന്ദ്രത്തിനു മറിച്ചൊരു തീരുമാനമെടുക്കാവുന്നതേയുള്ളൂ. കേന്ദ്രത്തിലൂടെ മാത്രമേ വിദേശസർക്കാരിന്റെ സഹായം ഏതെങ്കിലും സംസ്ഥാനത്തിനു കൈപ്പറ്റാനാവൂ. അതേസമയം, സർക്കാർ എന്ന നിലയിലല്ലാതെ വ്യക്തിപരമായ നിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആർക്കും സഹായം നൽകാം. ഉത്തരാഖണ്ഡ് പ്രളയകാലത്തും ഗുജറാത്ത് ഭൂകമ്പസമയത്തും അമേരിക്കയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽനിന്ന് സന്നദ്ധസംഘടനകൾവഴി സഹായം ലഭിച്ചിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ