ബുധനാഴ്‌ച, ഓഗസ്റ്റ് 22, 2018
ന്യൂഡല്‍ഹി: ദുരന്തങ്ങളുണ്ടായാല്‍ വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാന്‍ നയപരമായ തടസമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. ദേശീയ ദുരന്തനിവാരണ പദ്ധതിപ്രകാരം വിദേശരാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ സ്വീകരിക്കാവുന്നതാണെന്ന് നിയമത്തില്‍ പറയുന്നു. 2016 ല്‍ മോദി സര്‍ക്കാര്‍ തന്നെയാണ് നിയമം ഭേദഗതി ചെയ്ത് ഇത്തരമൊരു ഇളവ് കൊണ്ടുവന്നതെന്നതാണ് ശ്രദ്ധേയം.

ഇക്കാര്യത്തില്‍ ദുരന്തബാധിതമായ സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാരിന്  ആലോചിച്ച് തീരുമാനമെടുക്കാവുന്നതാണെന്ന് നിയമത്തില്‍ പറയുന്നു. 2016 ലെ നിയമത്തിന്റെ ഒമ്പതാം അധ്യായത്തില്‍ രൂക്ഷമായ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശരാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ വേണമെങ്കില്‍ സ്വീകരിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ സഹായവുമായി യുഎഇ, ജപ്പാന്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ മുന്നോട്ടുവന്നിരുന്നു. യുഎഇ 700 കോടിയാണ് കേരളത്തിനായി വാഗ്ദാനം ചെയ്തത്.  എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെടുത്ത നയത്തിന്റെ പേരില്‍ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളുടെ എംബസികളെ കേന്ദ്രം ഇക്കാര്യം അറിയിച്ചിരുന്നു.

പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്തിന് ഒറ്റയ്ക്ക് സാധിക്കുമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. വിദേശസഹായം വേണ്ടെന്ന കേന്ദ്ര നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ദുരന്ത നിവാരണ പദ്ധതിയിലെ ആനുകൂല്യം ചൂണ്ടിക്കാണിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിനായി യുഎഇ വാഗ്ദാനം ചെയ്തതിനെതിരെ നിഷേധാത്മകമായ നിലപാടാണ് കേന്ദ്രത്തിനെന്നും തോമസ് ഐസക് കുറ്റപ്പെടുത്തുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ