വ്യാഴാഴ്‌ച, ഓഗസ്റ്റ് 23, 2018
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കാനായി യുഎഇ പ്രഖ്യാപിച്ച ധനസഹായം തടഞ്ഞ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളത്തിന് നിലവിലെ സാഹചര്യത്തില്‍ പണം ആവശ്യമാണ്. അതിനാല്‍ തന്നെ ഈ 700 കോടി രൂപ കേരളത്തിന് ലഭിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

നേരത്തെ പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് 700 കോടി ധനസഹായം നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു. കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ യുഎഇ സര്‍ക്കാര്‍ തയ്യാറാണെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. അബുദാബി കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്‌സ് ഡപ്യൂട്ടി സുപ്രീം കമാന്‍ഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്‌വഴക്കത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഈ സഹായം തടയുകയാണ് ചെയ്തത്. വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയൂ എന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നു. 2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്. ഇതാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന തൊടുന്യായം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ