ശനിയാഴ്‌ച, സെപ്റ്റംബർ 01, 2018
സംശയകരമായ സാഹചര്യത്തില്‍ രാത്രി കണ്ടെന്ന് ആരോപിച്ച് സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച വിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് (23) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ 27നാണ് യുവാവിനെ പണിക്കർപടി മമ്മാലിപ്പടിയിൽ ആള്‍ക്കൂട്ടം ആക്രമിച്ചത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം സാജിദിനെ ബലപ്രയോഗത്തില്‍ കീഴടക്കി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാളുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങള്‍ വാട്ട്സ്ആപ്പ് വഴി പ്രചരിച്ചിരുന്നു. യുവാവ് ലഹരിക്കടിമയാണെന്നും പ്രചാരണം നടത്തിയിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസെത്തിയാണ് മോചിപ്പിച്ചത്.

പൊലീസ് യുവാവിനെ മര്‍ദ്ദിച്ചവവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, ആക്രമണ സമയത്തു യുവാവിന്റെ ശരീരത്തിൽ കെട്ടോ പരിക്കുകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇരുകൂട്ടർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുത്തിരുന്നില്ല. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ടു നൽകണമെന്നു മലപ്പുറം എസ്പിയോട് നിർദ്ദേശിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ