ഞായറാഴ്‌ച, സെപ്റ്റംബർ 02, 2018
ഏറെ നേരം നീണ്ടു നിൽകാറുള്ള ജുമാപ്രസംഗം ഇമാം പെട്ടന്ന് അവസാനിപ്പിച്ചത് കണ്ടു കാര്യം എന്താകും എന്ന് ചിന്തിച്ചിരുന്ന വിശ്വാസികളെ ഞെട്ടിച്ചുകൊണ്ടാണ് അച്ചിനകം കൃസ്ത്യൻ പള്ളിയിലെ വികാരി അച്ഛൻ പള്ളിയിലേക്ക് കയറി വന്നത്. വെള്ളിയാഴ്ച കോട്ടയം വെച്ചൂർ ജുമാ മസ്ജിദിൽ ഇമാമിന്റെ പ്രസംഗം നടക്കുമ്പോഴാണ് വെളുത്ത ളോഹ അണിഞ്ഞ് വികാരി ഫാ. സനു പുതുശേരി പള്ളിയുടെ ഉള്ളിലേക്ക് കയറിവരുന്നത്.

കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് ചാർത്തിത്തന്നത് ഇത്തരത്തിലുള്ള മതസൗഹാർദ്ദത്തിന്റെ ഉദാഹരണങ്ങളാണെന്ന് നമുക്ക് ഒരു സംശയവുമില്ലാതെ പറയാം. പ്രളയത്തിൽ ആ നാട് ദുരിതമനുഭവിച്ചപ്പോൾ വിളിക്കാതെയും പറയാതെയും സഹായവുമായി എത്തിയ മുസ്‌ലിം സഹോദരങ്ങളോടുള്ള നന്ദി അറിയിക്കാനാണ് ആ പുരോഹിതൻ പള്ളിയിലെത്തിയത്. ആദ്യമായാണ് ഒരു മുസ്ലിം പള്ളിയിൽ കയറുന്നത് ,അഭിമാനവും സന്തോഷവും ഉണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.

പള്ളിയിലുണ്ടായിരുന്ന നിയാസ് എന്ന വ്യക്തിയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സുന്ദര മുഹൂർത്തം ലോകത്തോട് വിളിച്ചു പറഞ്ഞത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സംഭവം വൈറലായിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏറെ വൈകകാരികമായ നിമിഷങ്ങളാണിന്ന് (വെള്ളി 31/8/2018) വെച്ചൂർ ജുമാ മസ്ജിദിൽ അരങ്ങേറിയത്.. സന്തോഷവും അഭിമാനവും അതിലേറെ നാളെയെ പറ്റി ഒത്തിരി പ്രതീക്ഷകളും തന്ന നിമിഷങ്ങൾ...ഇക്കാലമത്രയും അനുഭവിച്ചതിൽ ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ചയാണിന്ന്.. ഏറെ നേരം നീണ്ടു നിൽകാറുള്ള ജുമാപ്രസംഗം ഇമാം പെട്ടന്ന് അവസാനിപ്പിച്ചത് കണ്ടു കാര്യം എന്താകും എന്ന് ചിന്തിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് അച്ചിനകം കൃസ്ത്യൻ പള്ളിയിലെ വികാരി അച്ഛൻ അങ്ങോട്ട് കയറി വന്നത്..പ്രളയത്തെ തുടർന്ന് കൃസ്ത്യൻ ദേവാലയ വുമായി ബന്ധപെട്ടു മുസ്ലിം സഹോദരങ്ങൾ ഒരുപാട് സഹായം ചെയ്തു അതിനു നന്ദി അറിയിക്കുക എന്നതാണ് ആഗമന ലക്ഷ്യം എന്ന് മുഖവുര ഏതുമില്ലാതെ അച്ഛൻ പറഞ്ഞു. ആദ്യമായാണ് ഒരു മുസ്ലിം പള്ളിയിൽ കയറുന്നത് ,അഭിമാനവും സന്തോഷവും ഉണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്..ആ വാക്കുകൾ കടമെടുത്താൽ ...

' മഹാ പ്രളയതിനാണ് ആണ് നാം സാക്ഷ്യം വഹിച്ചത് ,പ്രളയം നമ്മളിൽ നിന്നും പലതും കവർന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളിൽ നിന്നും കവർന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകൾ ആയിരുന്നു, നമ്മടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു, ഞാൻ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു, എന്നാൽ പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം, പരസ്പരം ജാതി നോക്കാതെ മതം നോക്കാതെ സമ്പത്തു നോക്കാതെ പരസ്പരം സ്‌നേഹിക്കാനും സമാധാനിപ്പിക്കാനും നമുക്ക് കഴിഞ്ഞു..

എവിടെ യോ നമുക്കു നഷ്ടമായി കൊണ്ടിരുന്ന മാനുഷിക മൂല്യങ്ങളെ ഉയർത്തി എടുക്കുവാൻ പ്രളയം കൊണ്ട് കഴിഞ്ഞു. പരസ്പരം കണ്ടിട്ടില്ലാത്ത ആളുകൾ പോലും സഹോദരൻ മാരെ പോലെ ഓണവും പെരുന്നാളും ഒക്കെ ഒരേ മനസ്സോടെ ആഘോഷിച്ചു .
ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഒന്നിക്കേണ്ട ഒന്നല്ല ഈ ബന്ധം ഇതിൽ കൂടെ നാം നേടി എടുത്ത മാനുഷിക മൂല്യങ്ങൾ നമുക്ക് നാളെയുടെ തലമുറക്കും കൈ മാറാം .കാലങ്ങളോളം കൈകോർത്തു മുന്നോട്ട് പോകണം നാം..'

അച്ഛന്റെ വാക്കുകൾ അങ്ങനെ നീണ്ടു പോയി.ആ നിമിഷത്തിലുണ്ടായ വികാരത്തെ വാക്കുകളിൽ വിവരിക്കുക എന്നത് അസാധ്യമാണ്, മനസുകൾ ഒന്നാകുന്ന സുന്ദരമായ കാഴ്ച...

കണ്ണ് നിറഞ്ഞില്ല എങ്കിലും മനസ്സ് സന്തോഷത്താൽ ഒരു പാട് നിറഞ്ഞു. പള്ളിയിൽ കയറാനും സംസാരിക്കാനും കഴിഞ്ഞതിൽ അച്ഛനും സന്തോഷം.

അവിടെ കൂടിയഓരോ വിശ്വാസിയുടെയും മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു അവരുടെ മനസിലെ വികാരങ്ങൾ..
ആയിരം ഗോ സ്വാമി മാർ കുരച്ചാലും ആയിരം മോഹൻദാസ് മാർ പിന്നിൽ നിന്നു കുത്തിയാലും കേരളമണ്ണിൽ അതിന് ഇടം നൽകില്ലഎന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് നടന്ന സംഭവം. ഒരു പാട് അഭിമാനം തോന്നുന്നു ഒരു മലയാളി ആയതിൽ,ദൈവത്തിന്റെ ഈ സ്വന്തം നാട്ടിൽ ജനിച്ചതിൽ...കൈകോർത്തു മുന്നോട്ട് മുന്നോട്ട് പോകാൻ എന്നും നമുക്ക് കഴിയട്ടെ എന്ന പ്രാർത്ഥന യോടെ
നിയാസ്...

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ