തലശ്ശേരി: ഉപജില്ല നീന്തല്‍മത്സരത്തിനിടെ വിദ്യാർഥി മുങ്ങിമരിച്ച സംഭവത്തിൽ എ.ഇ.ഒയും അധ്യാപകരും ഉൾപ്പെടെ ഒമ്പതുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂ മാഹി എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഹൃത്വിക് രാജ്് (14) തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. തലശ്ശേരി സൗത്ത് എ.ഇ.ഒ പി.പി. സനകന്‍, സംഘാടകരായ അബ്ദുൽ നസീര്‍, മുഹമ്മദ് സക്കരിയ, മനോഹരന്, കരുണന്, വി.ജെ. ജയ്മോള്‍, പി. ഷീന, സോഫിന് ജോണ്‍, സുധാകരന് പിള്ള എന്നിവരെയാണ് എസ്.ഐ എം. അനിലും സംഘവും അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
തലശേരി ടെമ്പിള്‍ഗേറ്റ് ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ ആഗസ്റ്റ് 14ന് രാവിലെ 10. 30 നായിരുന്നു കേസിനാസ്പദമായ സംഭവം. നൂറിലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെയായിരുന്നു വിദ്യാര്‍ഥിയുടെ മരണം. കുളത്തില്‍ മുങ്ങി പോയ വിദ്യര്‍ത്ഥിയെ ഒന്നര മണിക്കൂര്‍ തെരച്ചില്‍ നടത്തിയശേഷം 11.50നാണ് മുങ്ങല്‍ വിദഗ്ധര്‍ കുളത്തിനടിയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചൊക്ലി, തലശേരി സൗത്ത്, തലശേരി നോര്‍ത്ത് സബ് ജില്ലകളില്‍നിന്നുള്ള നൂറിലേറെ മത്സരാര്‍ഥികളായ വിദ്യാര്‍ഥികളും രക്ഷിതാക്കളും എ.ഇ.ഒ ഉള്‍പ്പെടെയുള്ളവരും നോക്കിനില്‍ക്കെയാണ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിത്താഴ്ന്നത്. യാതൊരു സുരക്ഷാക്രമീകരണങ്ങളും ഒരുക്കാതെ ശക്തമായ മഴയും കാറ്റുമുള്ളപ്പോള്‍ നിറഞ്ഞുതുളുമ്പുന്ന കുളത്തില്‍ മല്‍സരം സംഘടിപ്പിച്ച അധികൃതര്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫയര്‍ഫോഴ്സിനെയോ പോലീസിനെയോ അറിയിക്കാതെയാണ് മത്സരം സംഘടിപ്പിച്ചത്. നാല് വിദ്യാര്‍ഥികള്‍ നീന്തുന്നതിനിടയില്‍ മൂന്നുപേര്‍ ഒരേ ലൈനില്‍ മുന്നേറുകയും പിന്നിലുണ്ടായിരുന്ന ഹൃദിക് രാജ് മുങ്ങിത്താഴുകയുമായിരുന്നു.
മത്സരം മൊബൈലില്‍ പകര്‍ത്തുകയായിരുന്ന ഒരു രക്ഷിതാവ് കുട്ടി മുങ്ങിത്താഴുന്നതു കണ്ട് ബഹളംവയ്ക്കുകയും സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ സാധിച്ചുള്ളൂ. പിന്നീട് വിവരമറിഞ്ഞ് തലശേരിയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തെരച്ചില്‍ ആരംഭിച്ചത്. ചെളി നിറഞ്ഞ കുളത്തില്‍ ഒരു മണിക്കൂറിലേറെ ഫയര്‍ഫോഴ്സ് സംഘം തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് കണ്ണൂരില്‍നിന്ന് അഗ്നിശമസേനയുടെ ദ്രുതകര്മവിഭാഗമായ സ്കൂബ ഗ്രൂപ്പ് എത്തി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഗോപാല്‍പേട്ട സ്വദേശിയായ മുങ്ങല്‍ വിദഗ്ധന്‍ കുട്ടിയെ കുളത്തില്‍നിന്ന് പുറത്തെടുത്തത്.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച ദിവസത്തില്‍ തന്നെയാണ് അധികൃതര്‍ സുരക്ഷയൊരുക്കാതെ ചെളി നിറഞ്ഞതും നിറഞ്ഞ് കവിഞ്ഞതും ആഴമേറിയതുമായ കുളത്തില്‍ നീന്തല്‍ മല്‍സരം സംഘടിപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെ വ്യാപാരി കോടിയേരി പാറാലിലെ കാഞ്ഞിരമുള്ള പറമ്പില്‍ കെ.രാജേഷ്- മിനി ദമ്പതികളുടെ മകനാണ് ഹൃത്വിക്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ