തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2018
കാഞ്ഞങ്ങാട്: മലേഷ്യയില്‍ നടന്ന ഏഷ്യാ പസഫിക്ക് ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടി കാഞ്ഞങ്ങാട് സ്വദേശിനിയായ രാധിക കൃഷ്ണന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ സാന്നിധ്യമായി. മുംബൈയില്‍ പ്രൊവിഡന്റ് ഫണ്ടില്‍ ഉദ്യോഗസ്ഥയാണ് രാധിക. 4 x100 മീറ്റര്‍ റിലേ, ഹര്‍ഡില്‍സ് എന്നിവയില്‍ സ്വര്‍ണ്ണം നേടിയതിനു പിന്നാലെ 100 മീറ്ററില്‍ രണ്ടാം സ്ഥാനമാണ് രാധികാ കൃഷ്ണന്‍ നേടിയത്. ശാരീരികമായ അസ്വസ്ഥതകള്‍ വകവെക്കാതെയാണ് രാധിക മത്സരങ്ങില്‍ പങ്കെടുക്കാന്‍ പോയത്. 100 മീറ്ററില്‍ സ്വര്‍ണം പ്രതിക്ഷിച്ചിരുന്നു. അടുത്തയിടെ പിടിപെട്ട നടുവേദന അതിന് തടസമായി. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെയാണ് ഗെയിംസില്‍ പങ്കെടുക്കാന്‍ പോയത്.
കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പഠിച്ചു കൊണ്ടിരിക്കെ സംസ്ഥാനത്ത് ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. അന്നത്തെ കായികാധ്യാപകന്‍ ബാലകൃഷ്ണന്റെ പ്രചോദനമായിരുന്നു ഈ രംഗത്ത് തുടരാന്‍ പ്രേരണയായത്. മുംബൈയില്‍ സഹപ്രവര്‍ത്തകനും ടേബിള്‍ ടെന്നീസ് നാഷണല്‍ ചാമ്പ്യനുമായ കരുണ്‍ ഗുപ്തയാണ് ഭര്‍ത്താവ്. പൊതു പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പരേതനായ കുഞ്ഞികൃഷ്ണന്‍ പനങ്ങാടിന്റെയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി ഉഷ പനങ്ങാടിന്റെയും മകളാണ് രാധിക. രണ്ടാം ക്ലാസുകാരിയായ മകള്‍ മീനാക്ഷി ടേബിള്‍ ടെന്നീസില്‍ പരിശീലനം നേടി വരുന്നു. സഹോദരി ലതിക കൃഷ്ണന്‍ ദുബൈയില്‍ കലാകായിക രംഗത്ത് സജീവമാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ