ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി ട്രാഫിക്ക് സിഗ്നല്‍ ബുധനാഴ്ച മുതല്‍ പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങും. കാഞ്ഞങ്ങാട്-കാസര്‍ കോട് റൂട്ടില്‍ മുപ്പത് സെക്കന്റ് പച്ചയും ഇരുപത് സെക്കന്റ് ചുവപ്പും കത്തിച്ചും മാവുങ്കാല്‍- കാഞ്ഞങ്ങാട് റെയില്‍വേ, ആവിക്കര റൂട്ടില്‍ മുപ്പത് സെക്കന്റ് ചുവപ്പും ഇരുപത് സെക്കന്റ് പച്ചയും സിഗ്നല്‍ ലൈറ്റ് പ്രകാശിപ്പിച്ചാണ് പരീക്ഷണടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ ട്രാഫിക്ക് സിഗ്നല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കാഞ്ഞങ്ങാട്ടെ കോട്ടച്ചേരി സെര്‍ക്കിളിലെ ട്രാഫിക്ക് സിഗ്നല്‍ പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ മുന്നോടിയായി നേരത്തെ തന്നെ ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച പരീക്ഷണടിസ്ഥാനത്തില്‍ ട്രാഫിക്ക് സിഗ്നല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തിയുടെ ഭാഗമായിട്ടാണ് ട്രാഫിക്ക് സിഗ്നല്‍ സ്ഥാപിച്ചിരിക്കുന്നത്. സോളാറിലാണ് ട്രാഫിക്ക് സിഗ്നല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ മാത്രമല്ല,  പാലക്കുന്ന് ജംഗ്ഷന്‍, ചെമ്മനാട് ജംഗ്ഷന്‍, പള്ളിക്കര തുടങ്ങിയിടങ്ങളിലും ട്രാഫിക്ക് സിഗ്നല്‍ സംവിധാനമുണ്ട്. എന്നാല്‍ അത് പരീക്ഷണടിസ്ഥാനത്തില്‍ മിന്നുക മാത്രം ചെയ്യുന്നവയാണെന്ന് കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ