ബുധനാഴ്‌ച, നവംബർ 28, 2018

നീലേശ്വരം: സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥികളോടൊപ്പം മദ്യം വാങ്ങാന്‍ ബിവറേജസ് ഔട്ട്‌ലെറ്റിലെത്തിയ  മടിക്കൈ മേക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. മടിക്കൈ മേക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ തൃക്കരിപ്പൂര്‍ ഇടയിലക്കാട്ടെ കൊവ്വല്‍വീട്ടില്‍ പി കെ കണ്ണന്റെ മകന്‍ കെ വി സുമേഷ്  (44) ആണ് നാലു കുട്ടികളെയും കൂട്ടി ബീവ റേജില്‍ മദ്യം വാങ്ങാന്‍ പോയത്.
മേക്കാട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ജസ്‌നയുടെ ഭര്‍ത്താവും ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥനുമായ കല്ലൂരാവിയിലെ രാജേഷ് തിങ്കളാഴ്ച മരണപ്പെട്ടിരുന്നു.അധ്യാപകനായ സുമേഷ് നാല് പ്ലസ്ടു വിദ്യാര്‍ത്ഥികളെയും കൂട്ടി കല്ലൂരാവിയില്‍ രാജേഷിന്റെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ച ശേഷം തിരിച്ചുവരുന്നതിനിടയിലാണ് നീലേശ്വരം മൂന്നാംകുറ്റിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെത്തി അരലിറ്റര്‍ മദ്യം വാങ്ങിയത്.
സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകനെയും മദ്യശാലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് എത്തി വിദ്യാര്‍ത്ഥികളെയും അധ്യാപകനെയും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ അധ്യാപകന്‍ മദ്യപിച്ചതായി കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കേസെടുത്തു.
വിദ്യാര്‍ത്ഥികളെ പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ചതിനും പൊതു സ്ഥലത്തു വെച്ച് മദ്യപിച്ചതിനും സുമേഷിനെതിരെ ചന്തേര പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മദ്യശാലയില്‍ പോയ സംഭവത്തില്‍ കേസെടുത്ത അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്‍ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ