ചൊവ്വാഴ്ച, ഡിസംബർ 04, 2018
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസബാ നടപടികൾ ബഹിഷ്ക്കരിച്ചു.

കെ. മുരളീധരനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

ജലീലിനെതിരായ ആരോപണം മുഖ്യമന്ത്രി ലാഘവത്തോടെയാണ് കാണുന്നതെന്ന് അടിയന്തിര പ്രമേയ നോട്ടീസിൽ കെ. മുരളീധരന്‍ പറഞ്ഞു. ജലീല്‍ ചെയ്ത തെറ്റിന് മുഖ്യമന്ത്രി കൂട്ടുനിന്നു. ആരോപണത്തില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്നും മുരളീധരന്‍ ആരോപിച്ചു.


മന്ത്രിയുടെ ബന്ധുവായ അദീബിനെ നിയമിച്ചതില്‍ ചട്ടലംഘനമില്ലെന്ന് അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമനത്തില്‍ മന്ത്രി സ്വജനപക്ഷപാതം നടത്തിയിട്ടില്ല. അഭിമുഖത്തില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും നിശ്ചിതയോഗ്യത ഇല്ലായിരുന്നു. അതുകൊണ്ടാണ് യു.ഡി.എഫ് കാലത്ത് അപേക്ഷ പോലും വാങ്ങാതെയാണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.


ബന്ധുവിന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയതില്‍ തെറ്റില്ലെന്ന് മന്ത്രി കെ.ടി ജലീലും വ്യക്തമാക്കി. ഇത്തരം നടപടി മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ജലീല്‍ വ്യക്തമാക്കി. തെറ്റ് പറ്റിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കോൺട്രാക്റ്റ് എടുത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ