ചൊവ്വാഴ്ച, ഡിസംബർ 25, 2018
തിരുവനന്തപുരം: അനന്തപുരിയെ ശുഭ്രസാഗരമാക്കി മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് പ്രൗഢോജ്വല പരിസമാപ്തി. ജാതി മത വര്‍ഗ വര്‍ണ ഭേദമന്യെ ജനലക്ഷങ്ങളുടെ ഐക്യദാര്‍ഢ്യവും ആശീര്‍വാദവും ഏറ്റുവാങ്ങിയാണ് ഹരിതയൗവനം പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറന്നത്. മുപ്പതാണ്ടിനിപ്പുറം മുപ്പതു രാപകലുകളിലായി അറുനൂറ് കിലോമീറ്റര്‍ താണ്ടി അനന്തപുരിയില്‍ എത്തിയ യുവജന യാത്രക്ക് മലയാളം ഗ്രീന്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. അച്ചടക്കത്തിന് കൊടുങ്കാറ്റിന്റെ ശക്തിയുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് മുസ്‌ലിം യൂത്ത്‌ലീഗ് നവചരിത്രമെഴുതിയത്. വര്‍ഗീയ മുക്ത ഭാരതത്തിനും അക്രമ രഹിത കേരളത്തിനും ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കുമെതിരായ യുവ വിപ്ലവ ഗാഥയെ തലസ്ഥാന നഗരി അക്ഷരാര്‍ത്തില്‍ ഹൃദയത്തില്‍ വരവേറ്റു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ ഉച്ചയോടെ തന്നെ തിരുവനന്തപുത്തെ ജനസഞ്ചയമാക്കി. വൈകിട്ട് നാലോടെ സമ്മേള നഗരിയിലേക്കു പ്രവേശിക്കാനാവാത്ത വിധം പ്രവര്‍ത്തകര്‍ നിറഞ്ഞു. ചെറു ചാറ്റല്‍ മഴയെത്തിയെങ്കിലും ആവേശം തോരാതെ പുരുഷാരം സെന്‍ട്രല്‍ സ്റ്റേഡിയം ലക്ഷ്യമാക്കി പുറപ്പെട്ടു.
മ്യൂസിയം പരിസരത്തു നിന്ന് വൈകിട്ട് നാലിന് ആരംഭിച്ച വൈറ്റ് ഗാര്‍ഡ് മാര്‍ച്ച് ഒമ്പത് മണിയോടെയാണ് സമാപിച്ചത്. യുവജന യാത്രാ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം അസിസ്റ്റന്റു ഡയറക്ടര്‍മാരായ പി.എ അഹമ്മദ് കബീര്‍, അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആശിഖ് ചെലവൂര്‍, വി.വി മുഹമ്മദലി തുടങ്ങിയവര്‍ സമാപന റാലിക്ക് നേതൃത്വം നല്‍കി. സമാപന മഹാ സമ്മേളനം മുസ്്ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൗഡമായ ചടങ്ങില്‍ പതിനയ്യായിരം വൈറ്റു ഗാര്‍ഡുകളെ മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ