കാഞ്ഞങ്ങാട്: സംസ്ഥാനത്തു തന്നെ ഏറ്റവും ഉയരമുള്ള പാലമെന്ന സവിശേഷതയുള്ള ആയംകടവു പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. പാലത്തിന്റെ അവസാന സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഫെബ്രുവരിയോടെ ഉദ്ഘാടനം നടത്താനാകുമെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു.പുല്ലൂര്‍പെരിയ, ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വാവടുക്കം പുഴയ്ക്കു കുറുകെ ആയംകടവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി വര്‍ഷങ്ങളുടെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ശേഷമാണ് പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കുന്നത്. നിര്‍മാണത്തിന്റെ തുടക്കത്തില്‍ കരാറേറ്റെടുത്തയാള്‍ ഉപേക്ഷിച്ചുപോയ പദ്ധതി ഒടുവില്‍ ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയായിരുന്നു. 180 മീറ്റര്‍ നീളമുള്ള പാലത്തിന് 30 മീറ്റര്‍ ഉയരമുണ്ട്. 14 കോടി രൂപയാണു പാലത്തിന്റെ നിര്‍മാണ ചെലവ്. രണ്ടര കിലോമീറ്റര്‍ അപ്രോച്ച് റോഡും പൂര്‍ത്തിയായിട്ടുണ്ട്.
നിര്‍മ്മാണഘട്ടത്തില്‍ ഇത്രയും ഉയരത്തിലുള്ള പാലത്തിന്റെ പ്രവൃത്തിക്ക് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ പോലും ഉണ്ടായിരുന്നു. അപകടസാധ്യത കണ്ട് കഴിഞ്ഞ മഴക്കാലത്ത് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സ്ഥലത്തെത്തിയ ചീഫ് എഞ്ചിനീയര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരു പാടു വെല്ലുവിളികളെ തരണം ചെയ്താണ് നിര്‍മ്മാണം നിശ്ചിത സമയപരിധിക്കകം പൂര്‍ത്തീകരിച്ചതെന്ന് എം എല്‍ എ പറഞ്ഞു.
പാലത്തിന്റെ നിര്‍മ്മാണം സാഹസികമായി പൂര്‍ത്തീകരിക്കാനായി പ്രവര്‍ത്തിച്ച തൊഴിലാളികളേയും എഞ്ചിനീയര്‍മാരേയും പാലത്തിനും അപ്രോച്ച് റോഡിനുമായി ഭൂമി സൗജന്യമായി വിട്ടുകൊടുത്ത് സ്ഥല ഉടമകളേയും ഇന്നലെ പാലം പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. പി ഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി വിനോദിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. പാലത്തിനു വേണ്ടി കഠിന പ്രയത്‌നം ചെയ്ത കെ കുഞ്ഞിരാമന്‍ എം എല്‍ എയെ നാട്ടുകാര്‍ പൊന്നാടയണിയിച്ചു. സ്ഥലം സൗജന്യമായി നല്‍കിയ അമ്പൂഞ്ഞി, കുഞ്ഞിരാമന്‍, കണ്ണന്‍ വെളിച്ചപ്പാടന്‍, രാധ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ രാജീവന്‍, ബെന്നി, രമ്യ, നിര്‍മ്മാണമാരംഭിച്ച ഘട്ടത്തില്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറായിരുന്ന മുഹമ്മദ് ബഷീര്‍, ജാസ്മിന്‍ കമ്പനി ചെയര്‍മാന്‍ ടി എ അബ്ദുള്‍റഹ്മാന്‍, പാര്‍ട്ണര്‍മാരായ മുഹമ്മദ് ജാനിഷ്, മുഹമ്മദ് ജാനിഫ് എന്നിവരും സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ