കണ്ണൂര്‍: മലയാള മണ്ണിലെ ആദ്യ ആസ്ഥാന മന്ദിരമെന്ന ഇന്ത്യന്‍ നാഷനല്‍ ലീഗ് അണികളുടെ സ്വപ്‌നം പ്രതീകാത്മക ശിലയിലൊതുങ്ങി. 2015 ജനുവരി 13ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ എം.പി പ്രതീകാത്മക ശിലയിട്ടതില്‍ നിന്ന് ഒരിഞ്ചു പോലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങിയിട്ടില്ല. ഇതിനായി പിരിച്ച കോടികളെ കുറിച്ച് നേതൃത്വം മിണ്ടുന്നുമില്ല. ആറു പതിറ്റാണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ സ്മാരകമായാണ് കോഴിക്കോട് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മിക്കാന്‍ തീരുമാനിച്ച് ശിലയിട്ടത്. പക്ഷേ, ഇതിനുള്ള ഭൂമി പോലും നാലു വര്‍ഷമായിട്ടും കണ്ടെത്താനായിട്ടില്ല.പ്രവര്‍ത്തകരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നുമായി കോടികള്‍ ഇതിനായി പിരിച്ചെടുത്തിട്ടുണ്ട്.ഇതിന്റെ കണക്ക് ചോദിച്ചവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്.
ഡിജിറ്റല്‍ ലൈബ്രറി, പഠന ഗവേഷണ കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍, സ്റ്റുഡന്റ്‌സ് ഹോം തുടങ്ങിയ സംവിധാനങ്ങള്‍ കള്‍ച്ചറല്‍ സെന്ററില്‍ വിഭാവനം ചെയ്തിരുന്നു. പ്രതീകാത്മക ശിലയിടലില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനും ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റുമായിരുന്ന പ്രൊഫ.മുഹമ്മദ് സുലൈമാന്റെ സാന്നിധ്യവുമുണ്ടായിരുന്നു.
കേരളത്തില്‍ നിന്ന് പല തവണകളായി മുസ്ലിംലീഗ് ടിക്കറ്റില്‍ മല്‍സരിച്ച് പാര്‍ലമെന്റിലെത്തിയ ഇബ്രാഹിം സുലൈമാന്‍ സേട്ട് ബാബരി മസ്ജിദ് പ്രശ്‌നത്തിലാണ് ഇടഞ്ഞ് ഐ.എന്‍.എല്‍ രൂപീകരിക്കുന്നത്. ആസ്ഥാന മന്ദിരത്തിനു വേണ്ടി 14 ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരിച്ച് നല്‍കിയിരുന്നു. ഇതിനു പുറമെ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്ന് ഐ.എം.സി.സി പ്രവര്‍ത്തകരും വന്‍ തുക നല്‍കി. ഇതിന്റെ വ്യക്തമായ കണക്കുകള്‍ ഇതുവരെ പുറത്തറിയിച്ചിട്ടില്ല. ദേശീയ, സംസ്ഥാന നേതൃത്വത്തിലുള്ള അഹമ്മദ് ദേവര്‍കോവില്‍, എ.പി.അബ്ദുല്‍ വഹാബ്, കെ.പി. ഇസ്മാഈല്‍, ബി.ഹംസ ഹാജി തുടങ്ങിയവരൊന്നും ആസ്ഥാന മന്ദിരത്തെ കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല. സീനിയര്‍ വൈസ് പ്രസിഡന്റ് തൃശൂരിലെ അലവിഹാജിയെന്ന അംബിക്കയെ പോലുള്ളവര്‍ ഇതിനെ ചോദ്യം ചെയ്തുവെങ്കിലും പുറത്താക്കുകയായിരുന്നു.
ഒരു വിഭാഗം ഐ.എന്‍.എല്‍ നേതാക്കളും പ്രവര്‍ത്തകരും ആസ്ഥാന മന്ദിര നിര്‍മാണം വീണ്ടും സജീവമായി ഉയര്‍ത്തിക്കൊണ്ടു വരികയാണ്. സേട്ടുവിന് ഒരു സ്മാരകമെന്നത് ഇവര്‍ക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള വികാരമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ