ബുധനാഴ്‌ച, ഡിസംബർ 12, 2018
റായ്പൂര്‍: ഛത്തീസ്ഗഡില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിഷ്പ്രക്ഷമാക്കിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ഇത്തവണ കോണ്‍ഗ്രസിന് 68 സീറ്റ് ലഭിച്ചു. എന്നാല്‍ ഇങ്ങനെ ഒരു മുന്നേറ്റം ഒരു എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നില്ല. ഏകദേശം അടുത്തു വന്നത് ഇന്ത്യ ടുഡെ-ആക്‌സിസ് ഫലമാണ്. എന്നാല്‍ ബിജെപിയുടെ കാര്യത്തില്‍ ഇവരുടേതും ശരിയായില്ല.

കോണ്‍ഗ്രസ് പരാജയപ്പെടുമെന്നാണ് ചില ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം കഷ്ടിച്ച് ലഭിച്ചേക്കാമെന്നു ചില ഫലങ്ങള്‍ പ്രവചിച്ചു. എന്നാല്‍ ശരിയായ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. ടൈംസ്‌നൗ-സിഎന്‍എക്‌സ് ഫലം പ്രവചിച്ചത് കോണ്‍ഗ്രസിന് 35 സീറ്റ് ലഭിക്കുമെന്നായിരുന്നു. ഇന്ത്യ ടുഡെ 65 സീറ്റ് വരെ ലഭിച്ചേക്കാമെന്ന് പ്രവചിച്ചു. ന്യൂസ് എക്‌സ് പ്രവചിച്ചത് കോണ്‍ഗ്രസിന് 40 സീറ്റ് കിട്ടുമെന്നായിരുന്നു. റിപബ്ലിക്-സിവോട്ടര്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് പ്രവചിച്ചു. എന്നാല്‍ 46 സീറ്റാണ് കോണ്‍ഗ്രസിന് ലഭിക്കുകയെന്നായിരുന്നു അവരുടെ എക്‌സിറ്റ് പോള്‍. ന്യൂസ് നാഷന്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ഭരണം കിട്ടുമെന്ന് പറഞ്ഞിരുന്നില്ല. 44 സീറ്റ് വരെ കിട്ടുമെന്നായിരുന്നു അവരുടെ പ്രവചനം. എബിപി-സിഎസ്ഡിഎസ് കോണ്‍ഗ്രസിന് 35 സീറ്റ് കിട്ടുമെന്നാണ് പറഞ്ഞത്. ബിജെപിക്ക് 52 സീറ്റ് കിട്ടുമെന്നും അവര്‍ പ്രവചിച്ചു. റിപബ്ലിക് ജന്‍കി ബാത്ത് ബിജെപിക്ക് ഭരണം കിട്ടുമെന്നാണ് പറഞ്ഞത്. 48 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നായിരുന്നു അവരുടെ പ്രവചനം. ടുഡെയ്‌സ് ചാണക്യ കോണ്‍ഗ്രസിന് അധികാരം കിട്ടുമെന്ന് പ്രവചിച്ചു. എന്നാല്‍ 50 സീറ്റാണ് കോണ്‍ഗ്രസിന് ലഭിക്കുക എന്നായിരുന്നു അവരുടെ എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍ എല്ലാ പ്രവചനങ്ങളും അസ്ഥാനത്താക്കി കോണ്‍ഗ്രസ് കുതിച്ചു. 68 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചു. ഭരിക്കാന്‍ വേണ്ടത് 46 സീറ്റാണ്. മൂന്നില്‍ രണ്ട ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയാകട്ടെ നിലംപരിശായി. ആകെ 15 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. അജിത് ജോഗി-മായാവതി സഖ്യത്തിന് ഏഴ് സീറ്റും കിട്ടി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ