വെള്ളിയാഴ്‌ച, ഡിസംബർ 21, 2018
കാഞ്ഞങ്ങാട്: കല്യാണ വീട്ടിലെ ഷെല്‍ഫില്‍ നിന്നും  രണ്ടര ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസില്‍ വീഡിയോ ക്യാമറാ സഹായി ആയ യുവാവ് ഹൊസ്ദുര്‍ഗ് എസ്‌ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റു ചെയ്തു. കിഴക്കുംകര മണലിലെ ഭാസ്‌കരന്റെ മകന്‍ അശ്വിന്‍ എന്ന അപ്പൂസി(22)നെയാണ് ഇന്ന്  രാവിലെ അറസ്റ്റ് ചെയ്തത്. നവംബര്‍ 24ന് ബസ് സ്റ്റാന്റിന് പിന്നിലെ ശ്രമിക് ഭവന് സമീപത്തെ പുതിയവളപ്പില്‍ വീട്ടില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നുമാണ് അശ്വിന്‍ പണം കവര്‍ന്നത്. കൃഷ്ണന്റെ മകന്‍ ഷൈജുവിന്റെ വിവാഹത്തിന് ക്യാമറാ സഹായിയായി എത്തിയതായിരുന്നു അശ്വിന്‍.
ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ക്യാമറാമാനെയും അശ്വിനെയും ചോദ്യം ചെയ്തു. ആദ്യമൊക്കെ നിഷേധിച്ചുവെങ്കിലും അശ്വിനെ നിരീക്ഷച്ചപ്പോള്‍ ധാരാളമായി പണം ചെലവഴിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.
സഹോദരിയുടെ വിവാഹത്തിന് ഒന്നരപവന്റെ മാലയും ഒരു പവന്റെ വളയും അശ്വിന്‍ സമ്മാനമായി നല്‍കിയിരുന്നു. കല്യാണത്തില്‍ പങ്കെടുക്കാന്‍ 16 സുഹൃത്തുക്കള്‍ക്ക് ഒരേ നിറത്തിലുള്ള മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്തു. ചിട്ടിയുടെ  അറുപതിനായിരം രൂപയും, പുത്തന്‍ മൊബൈല്‍ ഫോണിന്റെ 16000 രൂപയുടെയും കുടിശിഖ അടച്ചു തീര്‍ക്കുകയും ചെയ്തു. സ്‌കോര്‍പിയോ വാടകക്കെടുത്ത് മൈസൂരില്‍ ഉല്ലാസയാത്ര നടത്തി. കാഞ്ഞങ്ങാട്ടെ മലനാട് ബാറില്‍ നിന്നുമാത്രം 20,000 രൂപക്ക് സുഹൃത്തുക്കള്‍ക്ക് മദ്യം വാങ്ങിക്കൊടുത്തു. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് തന്ത്രപൂര്‍വ്വമായാണ് അശ്വിനെ കുടുക്കിയത്.
ബാറില്‍ മദ്യപിച്ചപ്പോള്‍ നല്‍കിയ പണം ഷൈജു ബാങ്കില്‍ നിന്നുമെടുത്ത നോട്ടുകെട്ടില്‍ ഉണ്ടായിരുന്നതാണെന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിനുള്ള വീഡിയോ ദൃശ്യങ്ങള്‍ ബാറില്‍ നിന്നും പണത്തിന്റെ സീരിസ് നമ്പര്‍ ബാങ്കില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞതോടെ അശ്വിന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. അറസ്റ്റിലായ അശ്വിനെ വെള്ളിയാഴച രാവിലെ കവര്‍ച്ച നടന്ന വീട്ടിലെത്തിച്ച് തെളിവ് ശേഖരിച്ചു.
ഇതിന് മുമ്പ് സ്വന്തം അമ്മയുടെ ഒന്നരപവന്റെ മാലയും അശ്വിന്‍ മോഷ്ടിച്ചിരുന്നു. കുറ്റിക്കോലിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെയാണ് അമ്മയുടെ മാല മോഷ്ടിച്ചത്. അന്ന് ആരെയും സംശയമുണ്ടായിരുന്നില്ലെങ്കിലും മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹ വീട്ടിലെ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായതോടെ അമ്മയുടെ മാല മോഷ്ടിച്ചതും താനാണെന്ന് അശ്വിന്‍ സമ്മതിച്ചു. അശ്വിനെ ഇന്നുച്ച കഴിഞ്ഞ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
എസ്‌ഐ വിഷ്ണുപ്രസാദിന് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ സജീവന്‍, പി വി അജയന്‍, സതീശന്‍, കെ മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ