വെള്ളിയാഴ്‌ച, ഡിസംബർ 28, 2018
അബുദാബി: സൗദിയിലെ ആടു ജീവിതത്തില്‍നിന്ന് രക്ഷപ്പെട്ട് അബുദാബിയിലെത്തിയ മലപ്പുറം ആനക്കയം സ്വദേശി വളാപ്പറമ്പന്‍ മുഹമ്മദ് ഇസ്ഹാഖിനെ (38) നാട്ടിലേക്ക് അയക്കാന്‍ രക്ഷകനായി അവതരിച്ച് കാഞ്ഞങ്ങാട് സ്വദേശിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ എം.എം നാസര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇസ്ഹാഖിനെ ശനിയാഴ്ച നാട്ടിലെത്തിക്കും. അബുദാബി ബദാസായിദിലെ ഒട്ടകയോട്ട മത്സരത്തിന് അറബിയോടൊപ്പം റിയാദില്‍നിന്ന് രണ്ടാഴ്ച മുന്‍പ് എത്തിയ ഇസ്ഹാഖ് ദുരിത ജീവിതത്തില്‍നിന്ന് അര്‍ധ രാത്രി ഒളിച്ചോടുകയായിരുന്നു. അറ്റമില്ലാത്ത മരുഭൂമിയിലൂടെ ദിക്കറിയാതെയുള്ള ഓട്ടത്തിനൊടുവില്‍ ബദാസായിദിലെ മലയാളികളുടെ കടയില്‍ അഭയം തേടി. യുഎഇയിലുള്ള ബന്ധുക്കളുടെ സഹായം തേടിയെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു. തിരിച്ചു സൗദിയില്‍ പോകേണ്ടിവന്നാല്‍ മരണമല്ലാതെ വഴിയില്ലെന്നും മൃതദേഹം പോലും തന്റെ മക്കള്‍ക്ക് കാണാന്‍ കഴിയില്ലെന്നും പറഞ്ഞു കരഞ്ഞതോടെ ഇസ്ഹാഖിനെ കൈവിടാന്‍ കടക്കാര്‍ക്കായില്ല. അബുദാബിയിലുള്ള സുഹൃത്തും വളാഞ്ചേരി കൊട്ടാരം സ്വദേശിയുമായ ഷംസുദ്ദീനെ വിളിച്ചറിയിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം രാവിലെ ബസ്സില്‍ അബുദാബിയിലേക്ക് കയറ്റിവിടുകയായിരുന്നു.
ബസ് സ്റ്റാന്‍ഡിലെത്തിയ ഇസ്ഹാഖിനെയും കൂട്ടി ഇന്ത്യന്‍ എംബസിയിലെത്തിയപ്പോള്‍ അധികൃതരില്‍നിന്ന് അകമഴിഞ്ഞ സഹായമാണ് ലഭിച്ചതെന്ന ഷംസുദ്ദീന്‍ പറയുന്നു.  തുടന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയില്‍ ഔട്ട്പാസ് ശരിപ്പെടുത്തിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കയറ്റിവിടാനായി സ്വൈഹാന്‍ ഔട്ട് ജയിലിലേക്ക് മാറ്റി. നാട്ടിലേക്കുള്ള ടിക്കറ്റും എംബസി നല്‍കി. ഇതു സംബന്ധിച്ചുള്ള വാര്‍ത്ത ഖലീജ് ടൈംസ് അടക്കമുള്ള പത്രങ്ങളില്‍ വലിയ വാര്‍ത്തയായി വന്നിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ