കാഞ്ഞങ്ങാട്: മഹല്ലിനെ കമ്പ്യൂട്ടര്‍വത്‌കരിക്കുകയും മുട്ടുന്തല പരിധിയിലെ മുഴുവൻ വീടുകളെയും അംഗങ്ങളെയും ഒരു നെറ്റ്‌വര്‍ക്കിനു കീഴില്‍ കൊണ്ടുവരികയും ചെയ്‌ത് ഭരണസംവിധാനങ്ങളും ആശയവിനിമയവും ഏകോപിപ്പിക്കുന്ന അതിനൂതന പദ്ധതിയുമായി മുട്ടുന്തല ജമാ അത്ത് പൂർണ്ണമായും ഹൈടെക് സംവിധാനത്തിലേക്ക് മാറുന്നു. കേരളത്തിൽ ആദ്യമായാണ് വിപുലമായ രീതിയിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
മുട്ടുന്തല ജമാഅത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ വീടുകളിലെയും വിവരങ്ങൾ ശേഖരിച്ച് ഇനം തിരിക്കുന്നു. വിദ്യാഭ്യാസം, തൊഴില്, വിധവകൾ, 18 തികഞ്ഞവർ, 60 കഴിഞ്ഞവർ, വികലാംഗർ, രോഗികർ, പാവപ്പെട്ടവർ, ഭൂമിയില്ലാത്തവർ, വീടില്ലാത്തവർ, കുടിവെള്ള സൗകര്യമില്ലാത്തവർ, പഠിക്കുന്നവർ , പഠിക്കാത്തവർ, ഉന്നത വിദ്യാഭ്യാസമുള്ളവർ, യോഗ്യത ഉണ്ടായിട്ടും തുടര്ന്നു പഠിക്കാത്തവർ, അധ്യാപകര്, ഉദ്യോഗസ്ഥര്, ഡ്രൈവര്മാര്, കൂലിപ്പണിക്കാര്, മറ്റു തൊഴിലിൽ ഏർപ്പെടുന്നവർ തുടങ്ങിയ വിഭാഗങ്ങളെ തിരിച്ചറിയുന്ന വിധത്തിലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. നിത്യരോഗികളുടെ ലിസ്റ്റ്, അംഗവൈകല്യമുള്ളവരുടെ ലിസ്റ്റ് തുടങ്ങിയവ പ്രത്യേകമായി ലഭിക്കുന്നതോടെ ആവശ്യമുള്ള സാന്ത്വന പ്രവര്ത്തനങ്ങള്ക്ക് ഉപയോഗപ്പെടുത്തുമെന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു.
രക്തഗ്രൂപ്പ് ലിസ്റ്റ് ലഭിക്കുന്നതിനാൽ അപൂർവ്വ ഗ്രൂപ്പുകാരെ പ്രത്യേകം തിരിച്ചറിയാനും അത്യാവശ്യ ഘട്ടങ്ങളിൽ അവരെ ഉപയോഗപ്പെടുത്താനും സാധിക്കും. മഹല്ലിലെ അംഗങ്ങളുടെ മൊബൈൽ നമ്പർ ശേഖരിക്കുന്നതിലൂടെ മഹല്ലിന് നടക്കുന്ന പരിപാടികൾ, മരണ വാർത്ത, ഗവർമെന്റ്അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ മറ്റു പ്രധാന വിവരങ്ങൾ എന്നിവ എസ് എം എസ് ആയി അംഗങ്ങൾക്ക് ലഭിക്കും. ആൻഡ്രോയ്ഡ് ആപ്പ് വഴി മഹല്ലുമായി ആശയ വിനിമയത്തിനും സാധിക്കും.
മസ്‌ജിദ്, മദ്‌റസ തുടങ്ങി ജമാഅത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ റിക്കാര്‍ഡുകള്‍, എക്കൗണ്ടുകള്‍ തുടങ്ങിയവയുടെ സൂക്ഷിപ്പും കമ്പ്യൂട്ടർ വത്കരിക്കും. വിവരങ്ങൾ കമ്പ്യൂട്ടർ വത്കരിക്കുന്നതിന്റെ ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി നിർവഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറർ അബ്ദുൽ ഖാദർ ഹാജി റഹ്മത്ത്, വൈസ് പ്രസിഡന്റ് അഹമ്മദ് മമ്മു ഹാജി, സെക്രട്ടറിമാരായ അബ്ദുല്ല മീലാദ്, ഇബ്‌റാഹീം ആവിക്കൽ, റിസ്‌വാൻ കെ. ടി, കുവൈറ്റ് ശാഖ പ്രതിനിധി ഹാരിസ്, അബുദാബി ശാഖ പ്രസിഡന്റ് മൊയ്‌തു മമ്മു ഹാജി, ഖൈസ് സൺലൈറ്റ്, ഓഫീസ് സെക്രട്ടറി സാദിഖുൽ അമീൻ മൗലവി എന്നിവർ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ