ബുധനാഴ്‌ച, ജനുവരി 30, 2019
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന ടോമിൻ ജെ. തച്ചങ്കരിയെ തത്സ്ഥാനത്ത് നിന്ന് നീക്കി. എറണാകുളം സിറ്റി പൊലീസ് കമീഷണർ എം.പി ദിനേശിനാണ് എം.ഡിയുടെ പകരം ചുമതല. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തച്ചങ്കരിയെ മാറ്റാനുള്ള തീരുമാനം. തച്ചങ്കരിക്ക് പുതിയ ചുമതല നൽകിയിട്ടില്ല. 

കെ.എസ്.ആർ.ടി.സിയിലെ ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തച്ചങ്കരിയെ മാറ്റാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനമെന്നാണ് വിവരം. തൊഴിലാളി വിരുദ്ധ നിലപാടാണ് തച്ചങ്കരി സ്വീകരിക്കുന്നുവെന്നാണ് സംഘടനകൾ ആരോപിച്ചിരുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകൾ സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹൈകോടതി വിമർശനം വന്നിട്ടും സമരത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറിയില്ല.

ടബിൾ ഡ്യൂട്ടി സംവിധാനം അടക്കം സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചതും തൊഴിലാളികളുടെ എതിർപ്പിന് ഇടയാക്കി. തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ബോർഡിലെ രണ്ട് സി.പി.എം പ്രതിനിധികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ കഴിഞ്ഞ 25 വർഷത്തിനിടെ സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം കൊടുക്കാനുള്ള സാഹചര്യം ഉണ്ടായത് തച്ചങ്കരി എം.ഡിയായ ശേഷമാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ