കാസർകോട്: ടൂറിസം മേഖലയില്‍ പുത്തന്‍ കാല്‍വെപ്പുകളുമായി മുന്നോട്ട് കുതിക്കുന്ന ജില്ലയുടെ പാതയോരങ്ങളില്‍ യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഊര്‍ജം നല്‍കാന്‍ കാസ്രോട് കഫേ വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയിലെ ആദ്യ കേന്ദ്രം സംസ്ഥാന അതിര്‍ത്തിയിലെ തലപ്പാടിയില്‍ ആരംഭിച്ചു. കഫേയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. സ്ത്രീ- പുരഷഭേദമന്യേ യാത്രക്കാര്‍ക്ക് ഇടത്താവളമായി ഉപയോഗിക്കാന്‍ കഴിയുന്ന പദ്ധതി ജില്ലയുടെ ടൂറിസം സ്വപ്നങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ ജില്ലയ്ക്ക് വികസന പദ്ധതികളാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് അതിര്‍ത്തിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ അന്തര്‍ദേശീയ നിലവാരത്തില്‍ ക്രൂ ഫെസിലിറ്റേഷന്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൊസങ്കടിയിലെ 9.3 ഏക്കര്‍ ഭൂമി പ്രയോജനപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തലപ്പാടിക്ക് പുറമേ കുമ്പള, പാണാര്‍ക്കുളം, ബട്ടത്തൂര്‍, പെരിയ, ചെമ്മട്ടം വയല്‍, കാലിക്കടവ് എന്നിവടങ്ങളിലും കഫേ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ മുന്നോട്ട് പോവുകയാണെന്നും ഒരേ രീതിയിലുള്ള നിര്‍മ്മിതിയില്‍ കാസ്രോട് കഫേ എന്ന ബ്രാന്‍ഡിലായിരിക്കും പദ്ധതി പ്രവര്‍ത്തിക്കുകയെന്നും അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.
ജില്ലയിലെ പാതകളിലൂടെ കടന്നു പോകുന്നവര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിശ്രമ കേന്ദ്രമൊരുക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ലഘു ഭക്ഷണം, വിശ്രമ സ്ഥലം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ കഫേകളില്‍ ലഭ്യമാകും. ഒരു യൂണിറ്റില്‍ മികച്ച പരിശീലനം ലഭിച്ച യൂണിഫോമോടു കൂടിയ ആറു ജീവനക്കാരാണ് ജോലി ചെയ്യുന്നത്. റസ്റ്റോറന്റുകള്‍ നടത്തി പരിചയസമ്പന്നരായവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തിപ്പിന് നല്‍കുമെങ്കിലും ഓരോ കഫേയുടെയും പ്രവര്‍ത്തനം ഡിടിപിസിയുടെ കര്‍ശ്ശന നിയന്ത്രണത്തിലും ഗുണമേന്മ പരിശോധനയ്ക്കും വിധേയമാക്കി ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പു വരുത്തിയായിരിക്കും നടപ്പിലാക്കുക. ആറു മാസത്തിനകം ബാക്കിയുള്ള കഫേകളും പ്രവര്‍ത്തനമാരംഭിക്കും.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി ഐ സുബൈര്‍കുട്ടി, ഡിടിപിസി മാനേജര്‍ പി സുനില്‍ കുമാര്‍,ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ