ശനിയാഴ്‌ച, മാർച്ച് 02, 2019
കാസര്‍കോട്: കാസര്‍കോട്റെയില്‍വെ സ്റ്റേഷനിലും പരിസരത്തും അടിയന്തിരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. റെയില്‍വെയും വിവിധ വകുപ്പുകളും ഇതിനായി മുന്‍കയ്യെടുക്കണം. ഓടകള്‍ അടഞ്ഞ നിലയിലും സ്റ്റേഷന്റെ പരിസരത്തെ പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്. കൂടാതെ അനധികൃത വാഹന പാര്‍ക്കിങ്ങ്, കച്ചവടങ്ങള്‍ എന്നിവയും കളക്ടര്‍ ചുമതലപ്പെടുത്തിയ സമിതി കണ്ടെത്തി. ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷന്‍ പകര്‍ച്ച വ്യാധികളുടെ പ്രഭവകേന്ദ്രമാകുന്നത് അനുവദിക്കാനാവില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. റെയില്‍വെ സ്റ്റേഷന്റെ സമീപത്ത് സാമൂഹ്യ ദ്രോഹികളുടെ ശല്യമുണ്ടെന്നും പരാതിയുണ്ട്. കാസര്‍കോട് നഗരസഭയിലെ നെല്‍ക്കള കോളനിയിലെ അടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും വികസന സമിതി നിര്‍ദേശം നല്‍കി.
ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും  ഉപയോഗിക്കാതിരിക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മാര്‍ച്ച് 30 നകം ലഭ്യമാക്കണം. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നത് പൊതു നഷ്ടമാണ്. ഇത് അനുവദിക്കാനാവില്ലെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. പറഞ്ഞു. കേബിളുകളും പൈപ്പുകളും സ്ഥാപിക്കുന്നതിന് ജില്ലയില്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദേശമുണ്ടാക്കിയിട്ടുണ്ട്. ദേശീയ പാതയോരത്തെ അനധികൃത ഭക്ഷ്യവില്‍പന കേന്ദ്രങ്ങള്‍ ഒഴിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എം.എല്‍.എ, കെ.കുഞ്ഞി രാമന്‍ എം.എല്‍. എ, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ. സത്യപ്രകാശ്, നഗരസഭാദ്ധ്യക്ഷന്‍മാര്‍ ,തദ്ദേശ സ്ഥാപാന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ