വ്യാഴാഴ്‌ച, മാർച്ച് 07, 2019
കണ്ണൂര്‍ : കണ്ണൂരില്‍ കഴിഞ്ഞ ദിവസം രണ്ട് യുവാക്കളെ നാലുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സാമൂഹികമാധ്യമങ്ങള്‍ വഴി ഒരുക്കിയ പെണ്‍കെണിയിലൂടെയാണ് യുവാക്കളെ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ട്. കയ്യൂര്‍, ഉദയഗിരി സ്വദേശികളായ രണ്ട് യുവാക്കളെയാണ് രഹസ്യകേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടു പോയി മൂന്നുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്.

മൊബൈലിലെ ഒരു പ്രത്യേക ആപ്ലിക്കേഷനിലെ 'വുമണ്‍ സ്പീക്കിങ്' എന്ന ഓപ്ഷന്‍ ഇരയായ യുവാക്കള്‍ സന്ദര്‍ശിച്ചു. സ്ത്രീകളുടെ ചിത്രങ്ങളും അവരോട് ചാറ്റ് ചെയ്യാനുമുള്ള അവസരവും ഇതില്‍ ഉണ്ട്. യുവാക്കളുടെ നമ്പറിലേക്ക് സംഘം തന്നെ സ്ത്രീയെന്ന നിലയില്‍ ചാറ്റ് ചെയ്തു. ആ പെണ്‍കെണിയില്‍ യുവാക്കള്‍ വീണു. നിരന്തരം ചാറ്റ് ചെയ്തപ്പോള്‍ നേരില്‍ കാണാമെന്നും കണ്ണൂര്‍ മാളില്‍ എത്താനും പറഞ്ഞു. അവിടെ താനെത്താമെന്നും അറിയിച്ചു. എന്നാല്‍, കാത്തിരുന്ന യുവാക്കള്‍ക്ക് സമീപം എത്തിയത് നാലുപേരടങ്ങിയ സംഘമാണ്. കാറില്‍ ഇടിച്ചു കയറിയ അവര്‍ യുവാക്കളെയും കൊണ്ട് രാത്രി പയ്യാമ്പലത്ത് പോയി. അവിടെ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ഇവര്‍ ബന്ധുക്കളെ വിളിച്ച് മൂന്നുലക്ഷവും പിന്നീട് രണ്ട് ലക്ഷവും ആവശ്യപ്പെട്ടു. ഒരാളുടെ സഹോദരനോട് പണം എത്തിക്കാന്‍ പറഞ്ഞു. അയാള്‍ പണവുമായി പുതിയ തെരു വില്ലേജ് ഓഫീസിന് സമീപം വരാമെന്ന് പറഞ്ഞു. സംഘത്തിന്റെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള നീല കാറില്‍ രണ്ടുപേര്‍ അങ്ങോട്ടേക്ക് പോയി. അതിനിടെ സംഭവമറിഞ്ഞ പോലീസ് എത്തി. അപകടം മണത്ത സംഘത്തിലെ ബാക്കി രണ്ടുപേര്‍ യുവാക്കളുടെ കണ്ണ് കെട്ടി അവരുടെ കാറില്‍ തന്നെയിരുത്തി ബക്കളത്തിന് സമീപം ഇറക്കി. അതിലൊരാള്‍ സഹോദരനെ വിളിച്ചപ്പോഴാണ് പോലീസ് രക്ഷപ്പെടുത്തിയത്.

സംഭവത്തില്‍ നാല് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. നിലവില്‍ സുന്ദരാലയത്തില്‍ ജിതിന്‍ (31), ചാലാട് പി.അരുണ്‍ (27), കണ്ണൂര്‍ സിറ്റിയിലെ ജിതിന്‍ വിനോദ് (27), ചാലാട് സ്വദേശി സാദ് അഷറഫ് (24) എന്നിവരാണ് അറസ്റ്റിലായത്. സൂത്രധാരനടക്കം മൂന്നുപേര്‍ പിടിയിലാകാനുണ്ട്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് യുവാക്കളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടിയത്. സംഘം ഒരുക്കിയ സമൂഹമാധ്യമക്കെണിയില്‍ യുവാക്കള്‍ വീഴുകയായിരുന്നു. ഇതിനു മുന്‍പും സമാനമായ രീതിയില്‍ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് കരുതുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ