വെള്ളിയാഴ്‌ച, മാർച്ച് 08, 2019
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കകേസ് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രിം കോടതി വിധി. ഇതിനായി മൂന്നംഗ മധ്യസ്ഥ സമിതിയെ കോടതി നിയോഗിക്കുകയും ചെയ്തു. മധ്യസ്ഥ ചര്‍ച്ച മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാവില്ല.

ചര്‍ച്ച ഫൈസാബാദില്‍ ഒരാഴ്ചയ്ക്കകം തുടങ്ങും. മുന്‍ ജഡ്ജി ഖലീഫുല്ലയാണ് സമിതിക്ക് നേതൃത്വം നല്‍കുക. എട്ടാഴ്ചയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം. ഈ എട്ടാഴ്ചയും ഇതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത്.

മുന്‍ അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആവശ്യമാണെങ്കില്‍ കൂടുതല്‍ അംഗങ്ങളെ സമിതിയില്‍ ഉള്‍പ്പെടുത്താം.

ഇന്നലെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപറയല്‍ ഇന്നത്തേക്കു മാറ്റാന്‍ തീരുമാനിച്ചത്.

കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ മധ്യസ്ഥരായി പരിഗണിക്കാവുന്നവരുടെ പേരുകള്‍ ബന്ധപ്പെട്ട കക്ഷികള്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ കക്ഷികളായ ഹിന്ദുമഹാസഭ, നിര്‍മോഹി അഖാഡ എന്നിവര്‍ ബുധനാഴ്ച തന്നെ പേര് സമര്‍പ്പിച്ചിരുന്നു. സുന്നി വഖ്ഫ് ബോര്‍ഡ് ഇന്നലെ പേര് സമര്‍പ്പിച്ചു.

പേരുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഹിന്ദു മഹാസഭ മധ്യസ്ഥ ശ്രമത്തിന് ആദ്യം എതിരുനിന്നിരുന്നു. എന്നാല്‍ ഇന്ന് ആ നിലപാട് മാറ്റി. സുന്നി വഖ്ഫ് ബോര്‍ഡും കേസിലെ ആദ്യകാല ഹരജിക്കാരായ നിര്‍മോഹി അഖാഡയും മധ്യസ്ഥതക്ക് തയാറാണെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ