പത്തനംതിട്ട∙ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്ന് മൽസരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി മുൻ മുഖ്യമന്ത്രിയും എഐസിസി അംഗവുമായ ഉമ്മൻ ചാണ്ടി. രാഹുൽ മൽസരിക്കുമെങ്കിൽ പിന്മാറാൻ തയാറാണെന്ന് ടി.സിദ്ദിഖ് അറിയിച്ചു. കേരള ഘടകത്തിന്റെ ആവശ്യം രാഹുൽ ഗാന്ധി അംഗീകരിച്ചെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.
രാഹുല്‍ മല്‍സരിക്കുന്നത് ദക്ഷിണേന്ത്യയിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം എടുക്കുന്നതിനായി പത്തനംതിട്ടയിൽ എത്തിയപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഉന്നയിച്ചു. ഘടകകക്ഷികള്‍ക്കും സമ്മതമാണെന്ന് ചെന്നിത്തല അറിയിച്ചു.
അതേസമയം, വയനാട്ടിൽ മൽസരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് രാഹുലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽനിന്നു മൽസരിക്കണമെന്ന ആലോചനയുണ്ടെന്നതു ശരിയാണ്. വയനാടും സജീവ പരിഗണനയിലാണ്. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ല. കേരളത്തിനു പുറമെ, കർണാടക പിസിസിയും രാഹുൽ അവിടൊരു മണ്ഡലത്തിൽ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
wayanad-lok-sabha-constituency
ആവശ്യം പരിഗണിക്കുമെന്ന മറുപടിക്കു പിന്നാലെ അവിടെനിന്നും, രാഹുൽ കർണാടകയിൽ മൽസരിക്കുമെന്ന മട്ടിൽ പ്രഖ്യാപനങ്ങളുണ്ടായി. അത് സമ്മർദ്ദതന്ത്രമായി കണക്കാക്കപ്പെട്ടു. എന്തായാലും, രാഹുൽ മൽസരിക്കേണ്ട രണ്ടാമത്തെ മണ്ഡലം ഏതെന്ന പ്രഖ്യാപനം കോൺഗ്രസ് ദേശീയ തലത്തിലാണു നടത്തുകയെന്നും രാഹുലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
രാഹുല്‍ മുന്നോട്ടുവയ്ക്കുന്നത് ബിജെപി – മോദി വിരുദ്ധ രാഷ്ട്രീയമാണെന്നിരിക്കെ, രാഹുൽ വയനാട്ടിൽ മൽസരിക്കുമ്പോൾ അത് ഇടതിനെതിരെയുള്ള മൽസരമായി വിലയിരുത്തപ്പെടും. ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതി പരിഗണിക്കുമ്പോൾ അത് ഉചിതമാവുമോയെന്നതും പരിഗണിക്കപ്പെടുമെന്നാണ് സൂചന.
പ്രധാനമന്ത്രിയെ കേരളത്തിനു ലഭിക്കുന്ന സുവർണാവസരമാണിതെന്ന് ടി.സിദ്ദിഖ് പറഞ്ഞു. സീറ്റ് ലഭിച്ചപ്പോൾ ഉണ്ടായ സന്തോഷത്തിനേക്കാൾ വലിയ സന്തോഷമാണിപ്പോൾ. വയനാട്ടിലെ ജനങ്ങൾ അനുഗ്രഹീതരാണെന്നും സിദ്ദിഖ് പറഞ്ഞു. രാഹുൽ മൽസരിക്കുന്നത് കേരളത്തിനുള്ള അംഗീകാരമാണെന്ന് കേരള കോൺഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ. മാണി പ്രതികരിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനത്തുനിന്ന് ജനവിധി തേടാൻ രാഹുൽ ഗാന്ധി സമ്മതം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം മുതിർന്ന നേതാവ് എ.കെ.ആന്റണിയും കെ.വേണുഗോപാലും മുകുൾ വാസ്നിക്കും രാഹുലിനെ ധരിപ്പിച്ചു. കർണാടകയിലെ ബെല്ലാരിയിൽനിന്ന് മൽസരിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയായതിനാലാണ് കേരളം പരിഗണിക്കുന്നത്. സോണിയ ഗാന്ധി നേരത്തെ ബെല്ലാരിയിൽനിന്ന് മൽസരിച്ചിരുന്നു.
ഉത്തർപ്രദേശിലെ അമേഠിയിൽനിന്നാണ് രാഹുൽ ഗാന്ധി സാധാരണയായി മൽസരിക്കാറുള്ളത്. മുൻതവണത്തേതു പോലെ സ്മൃതി ഇറാനിയെ ബിജെപി ഇവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ