തിങ്കളാഴ്‌ച, മാർച്ച് 25, 2019
ന്യൂഡൽഹി: ജെറ്റ്‌ എയര്‍വേസ്​ സ്ഥാപക ചെയർമാൻ നരേഷ്​ ഗോയലും ഭാര്യ അനിത ഗോയലും കമ്പനിയുടെ ബോർഡ്​ ഓഫ്​ ഡയറക്​ടേഴ്​സിൽ നിന്നും രാജിവെച്ചു. ​ദൈനംദിന സേവനത്തിനുള്ള ഇന്ധനത്തിന്​ പോലും പണമില്ലാതെ കമ്പനി അതീവ സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ്​ രാജി. ബോർഡ്​ അംഗങ്ങളുടെ യോഗത്തിന്​ ശേഷമായിരുന്നു ഇരുവരും രാജി വെച്ചത്​. എന്നാൽ സി.ഇ.ഒ വിനയ്​ ദുബേ സ്ഥാനത്ത്​ തുടരും.

​രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ ജെറ്റ്​ എയർവേസ്​ പ്രതിസന്ധിയിലേക്ക്​ നീങ്ങിയപ്പോൾ പ്രശ്‌നപരിഹാരമായി തൊഴിലാളികളടക്കം ചൂണ്ടിക്കാട്ടിയത്‌ ഗോയല്‍ അടക്കമുള്ള ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളുടെ രാജിയായിരുന്നു. ടാറ്റാ ഗ്രൂപ്പിനെക്കൊണ്ട്‌ കമ്പനി ഏറ്റെടുപ്പിക്കാനും ആവശ്യമുയർന്നിരുന്നു.

എന്നാൽ ഗോയലിൻെറ രാജിക്ക്​ പിന്നാലെ കമ്പനിയുടെ വിപണി മൂല്യം കുതിച്ചുയർന്നത്​ ശ്രദ്ദേയമായി. 13 ശതമാനത്തോളമാണ് മൂല്യ വർധന​. ജനുവരി പകുതിക്ക്​ ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ്​ ഇന്ന്​ രേഖപ്പെടുത്തിയത്​. രാജിക്ക്​ പിന്നാലെ ഗോയലിൻെറയും വിദേശ കമ്പനി ഇത്തിഹാദിൻെറയും ജെറ്റ്​ എയർവേസിലെ ഓഹരി നേരെ പാതിയായി കുറഞ്ഞു. ഗോയലിൻെറ 51 ശതമാനം ഓഹരി 25.5ഉം ഇതിഹാദിൻെറ 24 ശതമാനം 12ഉമായാണ്​ കുറഞ്ഞത്​.

ശമ്പളം നൽകാത്തതിൻെറ പേരിൽ പൈലറ്റുമാരുടെ സംഘടന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വ്യോമയാനമന്ത്രി സുരേഷ്‌പ്രഭുവിനും കത്തയച്ചിരുന്നു. കടുത്ത മാനസികസമ്മര്‍ദം അനുഭവിക്കുന്ന പൈലറ്റുമാര്‍ വിമാനം പറത്തുന്നത്‌ അപകട സാധ്യതയുണ്ടാക്കുമെന്ന്​ കാണിച്ച്‌ ജീവനക്കാരുടെ സംഘടന  വ്യോമയാന മന്ത്രിക്ക്‌ കത്ത്​ നല്‍കിയിരുന്നു. എന്നാൽ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ്‌ ശ്രമം നടത്തുന്നതിനിടയിൽ പ്രശ്‌നം വഷളാക്കിക്കൊണ്ട്‌ കമ്പനി കൂടുതല്‍ വിമാനങ്ങള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം എടുത്തു.

26 വര്‍ഷങ്ങള്‍ക്കു മുമ്പ്​ പിറവിയെടുത്ത ജെറ്റ്​ എയർവേസ് ചുരുങ്ങിയ കാലം കൊണ്ട്​​ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായി വളർന്നെങ്കിലും സമീപ കാലത്ത്​ വലിയ സാമ്പത്തിക ബാധ്യതയിലേക്ക്​ നീങ്ങുകയായിരുന്നു.  8200 കോടി രൂപയോളം ബാധ്യതയാണ്‌ കമ്പനിക്ക്​ നിലവിലുള്ളത്​. മാര്‍ച്ച്‌ 31നുള്ളില്‍ 1700 കോടി രൂപ തിരിച്ചടക്കണമെന്ന വലിയ വെല്ലുവിളിയും കമ്പനിക്കുണ്ട്​.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ