മാണിക്കോത്ത്: കാൻസർ രോഗത്തെ ഭയക്കേണ്ടതില്ലെന്നും അതിനെ കുറിച്ച് തിരിച്ചറിവ് മാത്രമാണ് നമുക്കുണ്ടാകേണ്ടതെന്നും പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി ഗംഗാധരൻ.
മാണിക്കോത്ത് ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെയും കൊളവയൽ കനിവ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ മഡിയൻ കെ.എച്ച്.എം മേരാസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമേഹവും രക്തസമ്മർദ്ദവും പരിശോധിക്കുന്നതിൽ ശ്രദ്ധാലുക്കളാവുന്ന നാം കാൻസറിനെ പ്രാരംഭത്തിൽ തന്നെ കണ്ടെത്തുന്നതിൽ അലംഭാവം കാട്ടുകയാണ്. ആദ്യഘട്ടത്തിൽ തന്നെ മതിയായ ചികിത്സ ലഭ്യമാക്കിയാൽ കാൻസറിനെ പൂർണ്ണമായും ഇല്ലായ്മ ചെയ്യാമെന്നും കാൻസർ ഭയപ്പെടേണ്ടതില്ലാത്ത ജീവിത ശൈലീ രോഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ തനത് ഭക്ഷണ രീതിയോട് മുഖം തിരിച്ച് പാശ്ചാത്യ ഭക്ഷണ രീതിയെ അവലംബിച്ചതോടെയാണ് കാൻസർ രോഗം വ്യാപിച്ചതെന്ന് ഡോ.വി പി ഗംഗാധരൻ കൂട്ടിച്ചേർത്തു.
ഗ്രീൻ സ്റ്റാർ ക്ലബ്ബ് പ്രസിഡണ്ട് വി.വി ഖാദർ അധ്യക്ഷത വഹിച്ചു. കെ.എച്ച്.എം മേരാസ് ഹോസ്പിറ്റലിന്റെ മൊമെന്റോ ഡോ. മേഘ രാജേഷ്, ഡോ. ഗംഗാധരന് സമ്മാനിച്ചു. ഗ്രീൻ സ്റ്റാർ ക്ലബ്ബ് സെക്രട്ടറി നസീം മീത്തൽ പുര ഷാളണിയിച്ചു. ഡോ.ഗംഗാധരന്റെ നേതൃത്വത്തിലുള്ള കാൻസർ സൊസൈറ്റിക്ക് വേണ്ടി കെ.എച്ച്.എം മേരാസ് ഹോസ്പിറ്റലിന്റെ വകയായുള്ള സഹായ ധനം മാനേജിംഗ് ഡയറക്ടർ മനുദാസ് കൈമാറി. മുബാറക്ക് ഹസൈനാർ ഹാജി, മുഹമ്മദ് സുലൈമാൻ, മനാഫ് ലിയാഖത്തലി, സന മാണിക്കോത്ത്, എം.പി നൗഷാദ്, റിയാസ് കെ.വി എന്നിവർ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ