കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത ഫ്ലക്സുകളും ബാനറുകളും ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന രാഷ്്ട്രീയപാർട്ടികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി വേണമെന്ന് ഹൈകോടതി. പ്രചാരണത്തിന് പരിസ്ഥിതിസൗഹാർദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ എന്ന മാർച്ച് 11ലെ ഡിവിഷൻ ബെഞ്ച് ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർ ഉറപ്പുവരുത്തണം. നിയമവിരുദ്ധപ്രവർത്തനം നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നതടക്കം മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.
അനധികൃത ബോർഡുകളും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ച പാർട്ടികൾക്കും വ്യക്തികൾക്കും അത് തിരികെനൽകണമെന്നാണ് കോടതി നിർദേശം. അവരിൽനിന്ന് ഫീസും പിഴയും ഈടാക്കണം. ഇത് നൽകാത്തപക്ഷം റിക്കവറി നടപടി സ്വീകരിക്കണം. നിയമവിരുദ്ധമായി തുടരുന്ന പ്രചാരണ വസ്തുക്കളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. ഉത്തരവാദികൾക്ക് ബോർഡ് തിരികെ നൽകിയശേഷം നൽകുന്ന പരാതിയിൽ കേസെടുത്തില്ലെങ്കിൽ സ്റ്റേഷൻ ഹൗസ് ഒാഫിസർമാർക്കെതിരെ നടപടിയെടുക്കണം. നിരോധനം ഉറപ്പാക്കാൻ മുൻ ഉത്തരവ് പ്രകാരം നിയമിച്ച നോഡൽ ഓഫിസർമാരായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ ജോയൻറ് ഡയറക്ടർ എന്നിവർ എന്തുകൊണ്ടാണ് ഇതുവരെ ഫോൺ നമ്പറും ഇമെയിൽ വിലാസവും വാട്ട്സ്ആപ്പ് നമ്പറും പ്രസിദ്ധീകരിക്കാതിരുന്നതെന്നും കോടതി ആരാഞ്ഞു. ഇക്കാര്യം അടുത്തതവണ വാദം കേൾക്കുമ്പോൾ വിശദീകരിക്കാനും നിർദേശിച്ചു.
നിരോധന ഉത്തരവിനുശേഷം ഫ്ലക്സുകൾ കുറഞ്ഞിട്ടുണ്ടെന്ന് കേസിലെ അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. വിധിയുടെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക്, പി.വി.സി പോലുള്ള വസ്തുക്കൾകൊണ്ട് പ്രചാരണം നടത്തരുതെന്ന് ഉത്തരവിറക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മലിനീകരണം നടത്തുന്നവർതന്നെ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയുള്ള പ്രത്യേക ഉത്തരവും ഇറക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. കേസ് വീണ്ടും ഏപ്രിൽ 11ന് പരിഗണിക്കാനായി മാറ്റി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ