ചൊവ്വാഴ്ച, മാർച്ച് 26, 2019
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട കൂറ്റന്‍ സൈബര്‍ ആര്‍മിയുമായി സിപിഎം. സി.പി.എമ്മിന്റെ ‘ഹൈടെക് മീഡിയാ സെൽ’ ന് കീഴില്‍ ഐടി മേഖലയിലെ തന്ത്രങ്ങളൊരുക്കാന്‍ ആയിരത്തിലധികം സന്നദ്ധപ്രവര്‍ത്തകരെയാണ് സജ്ജമാക്കിയിരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി. ശിവദാസന്റെ മേൽനോട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തന്നെയാണ് സെല്‍ ലക്ഷ്യമിടുന്നത്.

എൽ.ഡി.എഫിനെതിരേ ഉയരുന്ന അപവാദങ്ങളെ പ്രതിരോധിക്കുക. ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടുക. ജനങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന വാർത്തകളും ട്രോളുകളും സന്ദേശങ്ങളും തയ്യാറാക്കുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങള്‍. സിനിമാ പ്രവർത്തകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരും ഐ.ടി. വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ ഇതിലുണ്ട്.

ഓരോ പാർലമെന്റ് മണ്ഡലവും കേന്ദ്രീകരിച്ചാകും ഇവരുടെ പ്രവർത്തനം. മണ്ഡലത്തിലുടനീളം സഞ്ചരിച്ച് എതിർപ്രചാരണങ്ങൾ മനസ്സിലാക്കുക, മണ്ഡലത്തിൽ പ്രത്യേകമായി ഉന്നൽനൽകേണ്ട വിഷയങ്ങൾ കണ്ടെത്തുക, സ്ഥാനാർഥിപര്യടനത്തിന്റെ വാർത്തകൾ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി പാർലമെന്റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മീഡിയസെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശാഭിമാനി പത്രാധിപരുമായ പി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു സെൽ ആദ്യം ആസൂത്രണം ചെയ്തിരുന്നതെങ്കിലും. അദ്ദേഹം എറണാകുളത്ത് സ്ഥാനാർഥിയായതോടെയാണ് ശിവദാസന് കീഴിലേക്ക് മാറ്റിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിക്ക് വേണ്ടിയുള്ള ഇത്തരം മീഡിയാസെല്‍ വലിയ വിജയമായി മാറിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ