വ്യാഴാഴ്‌ച, മാർച്ച് 28, 2019
കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ന്(മാര്‍ച്ച് 28) മുതല്‍ ഏപ്രില്‍ 4 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11  മുതല്‍ ഉച്ചകഴിഞ്ഞ്  മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിക്കോ   അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രത്യേക  ചുമതല നല്‍കിയിട്ടുള്ള അസിസ്റ്റന്റ് റിട്ടേണിംഗ്  ഓഫീസര്‍ക്കോ സമര്‍പ്പിക്കാം. ഒരു സ്ഥാനാര്‍ത്ഥിക്ക് നാലുസെറ്റ് പത്രികകള്‍വരെ നല്‍കാം.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ മൂന്ന് വാഹനങ്ങള്‍ക്ക് മാത്രമാണ് കളക്ടറേറ്റ് കോമ്പൗണ്ടില്‍ പ്രവേശനം അനുവദിക്കൂ. പത്രികാ സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമെ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാവൂ. സ്ഥാനാര്‍ത്ഥികള്‍ പ്രധാന കവാടത്തിലൂടെ വേണം സിവില്‍ സ്റ്റേഷനിലെത്താന്‍.
സ്ഥാനാര്‍ത്ഥികള്‍ ക്രമിനല്‍  കേസുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവ സംബന്ധിച്ച് സത്യവാങ്മൂലം ഫോം 26ല്‍ രേഖപ്പെടുത്തി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കണം. പത്രികകളുടെ സൂക്ഷ്്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്. എഴുപതു ലക്ഷം രൂപയാണു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാര്‍ത്ഥിക്കും ചെലവഴിക്കാവുന്ന പരമാവധി തുക. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്ക്കേണ്ട തുക.വരണാധികാരിയുടെ ഓഫീസും പരിസരവും ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാകും. ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരേയും സ്ഥലത്ത് വിന്യസിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ